കാഞ്ഞങ്ങാട്: ആഗ്രയില്‍ നടക്കുന്ന സ്‌പെഷ്യല്‍ സ്‌കൂള്‍ ഗെയിംസില്‍ പങ്കെടുക്കുന്ന കേരള ടീമംഗമായി ആനന്ദാശ്രമം റോട്ടറി സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി എം.ഫര്‍സീന്‍ തെരഞ്ഞെടുക്കപ്പെട്ടു. റോട്ടറി സ്‌കൂളില്‍ വൊക്കേഷണല്‍ ട്രെയിനിംഗ് വിഭാഗത്തില്‍ പരിശീലനം നേടി വരുന്ന ഫര്‍സീന്‍ വടകരമുക്കിലെ പ്രവാസിയായ അബ്ദുല്ലയുടെയും ഷാഹിറയുടെയും മകനാണ്.
സ്‌പെഷ്യല്‍ ഗെയിംസിനുള്ള കേരള ഹാന്‍ഡ്‌ബോള്‍ ടീമിന്‍റെ ഗോള്‍ കീപ്പറായാണ് ഫര്‍സീന്‍ ശനിയാഴ്ച ആരംഭിക്കുന്ന മല്‍സരത്തില്‍ പങ്കെടുക്കാന്‍ മറ്റ് ടീമംഗങ്ങള്‍ക്കൊപ്പം ഇന്നലെ രാത്രി മംഗള എക്‌സ്പ്രസിന് ആഗ്രയിലേക്ക് യാത്ര തിരിച്ചു. ടീമില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള ഏക അംഗമാണ് ഫര്‍സീന്‍. പുരുഷ-വനിതാ ടീമുകളില്‍ പത്തു പേര്‍ വീതമുള്ള 20 അംഗ ടീമാണ് പരിശീലകരായ രതീഷ്, ഷിജു എന്നിവര്‍ക്കൊപ്പം യാത്ര തിരിച്ചത്.
കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ നല്‍കിയ യാത്രയയപ്പില്‍ റോട്ടറി സ്‌പെഷ്യല്‍ സ്‌കൂള്‍ പിടിഎ പ്രസിഡന്‍റ് ടി.മുഹമ്മദ് അസ്ലം ഫര്‍സീന് ഷാള്‍ അണിയിച്ചു. പ്രിന്‍സിപ്പാള്‍ ബീന സുകു, അദ്ധ്യാപകരായ ദേവകി, സന്ധ്യ, ഗീത, മാതാപിതാക്കളായ അബ്ദുള്ള, ഷാഹിറ, സഹോദരി ഫാത്തിമ എന്നിവര്‍ സംബന്ധിച്ചു.
2015ല്‍ അമേരിക്കയിലെ ലോസ് എയ്ഞ്ചല്‍സില്‍ നടന്ന സ്‌പെഷ്യല്‍ ഒളിംപിക്‌സില്‍ റോട്ടറി സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി ഇ.സുമേഷ് വെങ്കല മെഡല്‍ നേടുകയുണ്ടായി. സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്കായുള്ള ജില്ലാ-സംസ്ഥാനതല മല്‍സരങ്ങളില്‍ റോട്ടറി സ്‌പെഷ്യല്‍ സ്‌കൂളിന് മികച്ച അംഗീകാരമാണ് ലഭിച്ച് പോരുന്നത്.
0 Comments