വീട്ടിലിരുന്നും മൊബൈൽ നമ്പറുകൾ ആധാറുമായി ബന്ധിപ്പിക്കാം

വീട്ടിലിരുന്നും മൊബൈൽ നമ്പറുകൾ ആധാറുമായി ബന്ധിപ്പിക്കാം

ടെലികോം റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ സന്ദർശിക്കാതെ തന്നെ മൊബൈൽ നമ്പറുകൾ ആധാറുമായി ബന്ധിപ്പിക്കാനാകും. ഇതിനുള്ള സാങ്കേതിക സംവിധാനങ്ങൾ വൈകാതെ തന്നെ നടപ്പിലാക്കുമെന്നാണ് ടെലികോം മന്ത്രാലയം അറിയിച്ചത്. ആധാർ–മൊബൈൽ നമ്പർ ലിങ്കു ചെയ്യുന്നത് എളുപ്പമാക്കാൻ ഒരാഴ്ചയ്ക്കുള്ളിൽ നടപടികൾ പൂർത്തിയാക്കാൻ ടെലികോം വകുപ്പ് വിവിധ കമ്പനികളുമായി ചർച്ച നടത്തി.

ടെലികമ്യൂണിക്കേഷൻ വിഭാഗം ഈ വിഷയത്തിൽ നിരവധി ചർച്ചകൾ സംഘടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയും ചർച്ച നടന്നു. വീട്ടിലിരുന്ന് തന്നെ ആധാർ ബന്ധിപ്പിക്കാനുള്ള സംവിധാനം നടപ്പിലാക്കും. ആധാർ ലിങ്കു ചെയ്യാൻ ഉപയോക്താക്കൾക്ക് പിന്തുടരേണ്ട നടപടിക്രമങ്ങളിൽ യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) യുമായി നിർദ്ദേശങ്ങൾ തേടിയിട്ടുണ്ട്. ടെലികോം വകുപ്പിന്റെ അന്തിമ സംവിധാനം ഈ ആഴ്ച തന്നെ ഉണ്ടാകുമെന്ന് ടെലികോം വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
നിലവിലുള്ള മൊബൈല്‍ സിം കാര്‍ഡുകളുടെ പുനഃപരിശോധനയ്ക്കുള്ള ചില വ്യവസ്ഥകളില്‍ ഇളവു നൽകാൻ സർക്കാർ നേരത്തെ തന്നെ തീരുമാനമായിരുന്നു. മൊബൈല്‍ സേവനദാതാക്കളോട് ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കാന്‍ പാകത്തിനുള്ള ഓണ്‍ലൈന്‍ സൗകര്യം ഏര്‍പ്പെടുത്താനുള്ള നിര്‍ദ്ദേശമായിരുന്നു ഇതില്‍ പ്രധാനപ്പെട്ടത്.
സേവനദാതാക്കള്‍ക്ക് ഇത്തരമൊരു സൗകര്യമൊരുക്കാന്‍ എത്ര കാലതാമസം നേരിടുമെന്ന് അറിയില്ല. മറ്റൊരു നിര്‍ദ്ദേശം രോഗബാധിതരോ വാര്‍ധക്യത്തിൽ എത്തിയവരോ അംഗ വൈകല്യമുള്ളവരോ ആയ മൊബൈല്‍ വരിക്കാരുടെ വീട്ടിലെത്തി ആധാര്‍ വെരിഫിക്കേഷന്‍ നടത്തണമെന്നതാണ്.
ആധാര്‍ കൊടുത്തു കണക്‌ഷന്‍ എടുത്തവര്‍ക്ക് എസ്എംഎസിലൂടെയോ, ഐവിആറെസിലൂടെയോ (IVRS) മൊബൈല്‍ ആപ്പിലൂടെയോ, ഒടിപി (വണ്‍ ടൈം പാസ്‌വേഡ്) നല്‍കി വെരിഫിക്കേഷന്‍ സൗകര്യം കൊടുക്കണമെന്നതാണ് മറ്റൊരു നിര്‍ദ്ദേശം.
ഏജന്റിലൂടെയാണ് വെരിഫിക്കേഷന്‍ നടത്തുന്നതെങ്കില്‍ കസ്റ്റമറുടെ എല്ലാ ആധാര്‍ വിവരവും ഏജന്റിന് കാണാവുന്ന രീതിയില്‍ നല്‍കരുതെന്നതാണ് മറ്റൊരു നിര്‍ദ്ദേശം. (ആധാര്‍ ബന്ധിപ്പിക്കുന്നതിനെ എതിര്‍ക്കുന്നവര്‍ എടുത്തു കാട്ടുന്ന ഒരു കാര്യം അവരുടെ ആധാര്‍ വിവരങ്ങള്‍ സർക്കാർ അധികാരികള്‍ അല്ലാത്തവര്‍ക്കും ലഭ്യമാകുന്നു എന്നതാണ്.) ഐറിസ് സ്‌കാനിങ് മെഷീനുകള്‍ കൂടുതല്‍ സ്ഥാപിക്കാനാണ് സേവനദാതാക്കള്‍ക്കുള്ള മറ്റൊരു നിര്‍ദ്ദേശം

Post a Comment

0 Comments