വിവാഹിതയായ സഹോദരി കാമുകനൊപ്പം ഇറങ്ങിപ്പോയിതിനെച്ചൊല്ലി സംഘര്‍ഷം; യുവതിയുടെ സഹോദരനും യുവാവിന്റെ പിതാവും പരസ്പരം വെട്ടി

വിവാഹിതയായ സഹോദരി കാമുകനൊപ്പം ഇറങ്ങിപ്പോയിതിനെച്ചൊല്ലി സംഘര്‍ഷം; യുവതിയുടെ സഹോദരനും യുവാവിന്റെ പിതാവും പരസ്പരം വെട്ടി

മൂന്നാര്‍: കാമുകനൊപ്പം വിവാഹിതയായ സഹോദരി ഇറങ്ങിപ്പോയിതിനെച്ചൊല്ലിയുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു, കാമുകന്റെ പിതാവിനും യുവതിയുടെ സഹോദരനും വെട്ടേറ്റു. ലക്ഷ്മി എസ്‌റ്റേറ്റ് പാര്‍വ്വതി ഡിവിഷന്‍ സ്വദേശിയായ സുന്ദരം(51), പോതമേഡ് സ്വദേശിയും യുവതിയുടെ സഹോദരനുമായ രാജേഷ്(24) എന്നവര്‍ക്കാണ് വെട്ടേറ്റത്. ഞായറാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം.

രാജേഷിന്റെ സഹോദരിയുമായി സുന്ദരത്തിന്റെ മകന്‍ അജിത് കുമാര്‍ പ്രണയത്തിലായിരുന്നു. ഇവര്‍ തമ്മിലുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് രാജേഷ് പലതവണ അജിത് കുമാറിന്റെ പിതാവായ സുന്ദരത്തോട് ഫോണില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം അജിത് കുമാര്‍ രാജേഷിന്റെ പോതമേട്ടിലെ വീട്ടിലെത്തി സഹോദരിയെ ഇറക്കിക്കൊണ്ടുപോയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. രാത്രി പതിനൊന്നോടെ വെട്ടുകത്തിയുമായി രാജേഷ് അജിത് കുമാറിന്റെ വീട്ടിലെത്തുകയും സഹോദരിയെ ഇറക്കിവിടാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

സഹോദരിയും മകനും വീട്ടിലില്ലെന്ന് ആ സമയം വീട്ടിലുണ്ടായിരുന്ന പിതാവ് പറഞ്ഞെങ്കിലും രാജേഷ് െകെയില്‍ കരുതിയ വെട്ടുകത്തിയുപയോഗിച്ച് സുന്ദരത്തെ വെട്ടാന്‍ ശ്രമിച്ചു. ഇതിനിടെ രാജേഷിന്റെ െകെയില്‍ നിന്നും വെട്ടുകത്തിപിടിച്ചെടുത്ത് സുന്ദരം രാജേഷിനെ വെട്ടി. സംഭവത്തില്‍ ഗുരുതരമായി പരുക്കേറ്റ രാജേഷ് തമിഴ്‌നാട്ടിലെ മധുര മെഡിക്കല്‍ ആശുപത്രിയിലും, സുന്ദരം തേനി ആശുപത്രിയിലും ചികില്‍സയിലാണ്. ഇരുവരുടെയും തലയ്ക്കാണ് വെട്ടേറ്റത്. മൂന്നാര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments