ചൊവ്വാഴ്ച, നവംബർ 28, 2017
നടി ആക്രമിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ മലയാള നടിമാര്‍ക്ക് ഉയര്‍ന്ന സുരക്ഷ ഒരുക്കാന്‍ മാക്ട ഫെഡറേഷന്‍ ഫൈറ്റേഴ്‌സ് യൂണിയന്‍ തീരുമാനം. വിഐപികള്‍ക്കും സൂപ്പര്‍ താരങ്ങള്‍ക്കും ഒരുക്കുന്ന രീതിയില്‍ കരിംപൂച്ചകളെ ഏര്‍പ്പെടുത്താനാണ് തീരുമാനം. ഇത് പെണ്‍ കരിംപൂച്ചകളാകും എന്നതാണ് പ്രത്യേകത. വീട്ടില്‍ നിന്നും ഷൂട്ടിങ് സെറ്റിലേയ്ക്കും തിരിച്ചും ഈ സഹായികള്‍ പരിച പോലെ കൂടെയുണ്ടാകും.

ആയോധന കലകള്‍ അറിയുന്ന സ്ത്രീകളുടെ സുരക്ഷാ വലയമാണ് ഒരുക്കുന്നത്. നൂറുപേര്‍ തയ്യാറായിട്ടുണ്ട്. സിനിമാ മേഖലയിലുള്ള സ്ത്രീകള്‍ ആവശ്യപ്പെടുന്നതനുസരിച്ച് പ്രവര്‍ത്തകരെ നല്‍കും. പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവമാണ് ഇത്തരത്തിലുള്ളൊരു ദൗത്യത്തിലേക്ക് നയിച്ചതെന്ന് മാക്ട ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ബൈജു കൊട്ടാരക്കര പറയുന്നു.

കളരി, ജൂഡോ, കരാട്ടെ തുടങ്ങിയ ആയോധന കലകള്‍ക്കൊപ്പം ഡ്രൈവിങ്ങും കൂടി പഠിച്ചുള്ള സ്ത്രീകളെയാവും രംഗത്തിറക്കുക. വീട്ടില്‍നിന്ന് ലൊക്കേഷനിലേക്ക് പോകുന്നതു മുതല്‍ തിരികെ വീട്ടിലെത്തും വരെ ഇവര്‍ സുരക്ഷയൊരുക്കും. നായികമാര്‍ ഹോട്ടല്‍ മുറിയില്‍ തങ്ങേണ്ടി വരുമ്പോള്‍ മുറിക്കു പുറത്ത് ഇവരുണ്ടാകും.

ആളെ തിരഞ്ഞെടുക്കുന്നതിലുമുണ്ട് മാനദണ്ഡങ്ങള്‍. കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റെങ്കിലും കിട്ടിയ സ്ത്രീകള്‍ക്കു മാത്രമേ ഇതില്‍ അംഗങ്ങളാകാന്‍ സാധിക്കൂ. അതും ഫൈറ്റേഴ്‌സ് യൂണിയന്‍ ഒരുക്കുന്ന ആറു മാസത്തെ പരിശീലനത്തിനു ശേഷം മാത്രം. ഫൈറ്റേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ആര്‍. ശങ്കറും വനിതാ ഫെറ്റ് മാസ്റ്റര്‍ അച്ചു എന്നു വിളിക്കുന്ന ആശ ഡേവിഡുമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. 18 മുതല്‍ 40 വരെ പ്രായമുള്ള സ്ത്രീകളെയാണ് ഇതിലേക്ക് തിരഞ്ഞെടുക്കുക. ഇവര്‍ക്ക് പ്രത്യേകമായ യൂണിഫോമും ഫൈറ്റേഴ്‌സ് അസോസിയേഷന്‍ ഒരുക്കിയിട്ടുണ്ട്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ