ബുധനാഴ്‌ച, നവംബർ 01, 2017

നീലേശ്വരം: ജനോപകാരപ്രദമായ കാര്യങ്ങള്‍ പരമാവധിചെയ്യുകയെന്ന ബദല്‍ നയവുമായാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനവിരുദ്ധമായവ ഉപേക്ഷിക്കുകയാണ് ഈ നയത്തിന്റെ കാതല്‍.

കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ സംസ്ഥാനത്ത് നടപ്പാക്കാതിരിക്കാന്‍ കാരണമിതാണ്. ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലേ ബദല്‍ നയമുള്ളൂ. ഇത് ജനം നല്ലപോലെ സ്വീകരിക്കുന്നുണ്ട്. ഈ നയത്തിന് പ്രയാസം സൃഷ്ടിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. കേരളത്തെ രാജ്യത്തെ മികച്ച വ്യവസായ സൌഹൃദ സംസ്ഥാനമാക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ലക്ഷ്യം. സിപിഐ എം നീലേശ്വരം ഏരിയാ കമ്മിറ്റി ഓഫീസായ ഇ എം എസ് മന്ദിരം ഉദ്ഘാടനംചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം തകര്‍ക്കുകയാണ്  ആര്‍എസ്എസ് നിയന്ത്രിക്കുന്ന ബിജെപി സര്‍ക്കാര്‍. അവര്‍ക്ക് കേരളത്തിന്റെ ബദല്‍ നയം അംഗീകരിക്കാനാവില്ല. പ്ളാനിങ് കമീഷനും പഞ്ചവത്സര പദ്ധതിയും വേണ്ടെന്നുവച്ചത് ഫെഡറല്‍ സംവിധാനത്തോട് കൂറില്ലാത്തതിനാലാണ്. പ്ളാനിങ് കമീഷന് പകരം നിതി ആയോഗ് കൊണ്ടുവന്നു. ഒരു കേന്ദ്രമന്ത്രിയുടെ കീശയില്‍ നില്‍ക്കുന്നതാണ് നിതി ആയോഗ്. പ്ളാനിങ് കമീഷന്‍ സംസ്ഥാനങ്ങള്‍ക്ക് അഭിപ്രായം പറയാനുള്ള വേദിയാണ്. സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് പ്ളാനിങ് കമീഷനുമായി സംവദിക്കാന്‍ കഴിയും. ഇത് ഇല്ലാതായതോടെ സംസ്ഥാനങ്ങളുടെ കാര്യം പറയാന്‍ വേദിയില്ലാതായി. ദീര്‍ഘകാല പദ്ധതികള്‍ ആസൂത്രണംചെയ്യുന്ന പഞ്ചവത്സര പദ്ധതിയും മോഡി അധികാരത്തില്‍ വന്നതോടെ ഉപേക്ഷിച്ചു. കേരളത്തില്‍ പ്ളാനിങ് ബോര്‍ഡും പഞ്ചവത്സര പദ്ധതിയും തുടരുന്നുണ്ട്.

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഒരു ന്യായീകരണവുമില്ലാത്ത നടപടിയാണ് നോട്ട് പിന്‍വലിക്കല്‍. അന്നത്തെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പറഞ്ഞത് ഒരു ഉപദേശവും തേടിയില്ലെന്നാണ്. കള്ളപ്പണം കണ്ടെത്തുന്നതിനെന്ന് പറഞ്ഞ് നടപ്പാക്കിയ നോട്ട് നിരോധനം ജനങ്ങള്‍ക്ക് പ്രയാസമുണ്ടാക്കുന്നതും സാമ്പത്തിക രംഗത്തെ വിശ്വാസ്യത തകര്‍ക്കുന്നതുമായി. കുറേ കഴിഞ്ഞാണ് ജിഎസ്ടിയെന്ന മാരണം വരുന്നത്. ഈ പുതിയ നികുതി സമ്പ്രദായത്തിന്റെ ഉപദ്രവം ഏല്‍ക്കാത്ത ഒരാളും രാജ്യത്തില്ല. ഒരു തയ്യാറെടുപ്പുമില്ലാതെയാണ് ജിഎസ്ടി നടപ്പാക്കിയത്. ജിഎസ്ടി വന്നപ്പോള്‍ കേരളം കുറച്ചൊക്കെ പിടിച്ചുനിന്നത് നമ്മുടെ പ്രവാസി സഹോദരങ്ങളുടെ പണംകൊണ്ടാണ്. ഇവിടെയും ജിഎസ്ടിയുടെ കുഴപ്പങ്ങളുണ്ട്.

രാജ്യത്താകെ ജീവതഭാരം അടിച്ചേല്‍പ്പിക്കുന്ന സാമ്പത്തിക നയങ്ങള്‍ക്കെതിരെ പ്രക്ഷോഭം ഉയരുകയാണ്. കേന്ദ്ര സര്‍ക്കാരിനെതിരെ ഊക്കേറിയ സമരമാണ് നടക്കുന്നത്. രാജ്യത്തെ സര്‍വകലാശാലകളിലും വലിയതോതില്‍ ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകളുടെ മുന്നേറ്റമുണ്ടായി. എസ്എഫ്ഐക്ക് നല്ലനിലയില്‍ വിജയിക്കാന്‍ കഴിഞ്ഞു. രാജ്യത്ത് മോഡി സര്‍ക്കാരിനെതിരായ പ്രതിഷേധം വിജയം കാണുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ