വ്യാഴാഴ്‌ച, ഡിസംബർ 07, 2017
കോഴിക്കോട്: വര്‍ഗീയ തീവ്രവാദ പാര്‍ട്ടിയായി പൊതുസമൂഹം വീക്ഷിക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ മാറ്റം വരുമെന്ന് യാതൊരു പ്രതീക്ഷയുമില്ലെന്ന് ആരോപിച്ച് എസ് ഡി പി ഐ സംസ്ഥാന നേതാവ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. സംസ്ഥാന സമിതി അംഗവും പോഷകസംഘടനയായ പ്രവാസിഫോറം കേരളയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ടി കെ കുഞ്ഞമ്മദ് ഫൈസിയാണ് രാജിവെച്ചത്.

വൈകാരികമായ പ്രശ്‌നങ്ങളിലാണ് പാര്‍ട്ടിക്ക് താല്‍പ്പര്യം. പല സ്ഥലങ്ങളിലും കരാട്ടെ ആയുധ പരിശീലനങ്ങള്‍ നടക്കുന്നുണ്ടെന്നും ഫൈസി ആരോപിച്ചു. മുവാറ്റുപുഴ കൈവെട്ട് കേസില്‍ പ്രാദേശിക വികാരം മാത്രമല്ല ഉള്ളത്. അങ്ങനെയെങ്കില്‍ അദ്ദേഹത്തെ ആക്രമിക്കുക മാത്രമായി ഒതുങ്ങുമായിരുന്നു. എന്നാല്‍ പകരം അദ്ധ്യാപകന്റെ കൈവെട്ടിയതിലൂടെ അക്രമത്തിനു പിന്നില്‍ ആസൂത്രണമുണ്ടെന്നുള്ളത് വ്യക്തമാണ്. പാര്‍ട്ടിക്കുള്ളില്‍ പലരും പ്രതിഷേധവുമായി രംഗത്തുണ്ട്. എന്നാല്‍ ഒരു കേഡര്‍ പാര്‍ട്ടിയുടെ സ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയെക്കുറിച്ചുള്ള ഭയമാണ് പലരും പാര്‍ട്ടിയില്‍ നിന്ന് പുറത്ത് വരാതിരിക്കാന്‍ കാരണമെന്നും കുഞ്ഞമ്മദ്‌ഫൈസി പറയുന്നു.

പാര്‍ട്ടിയില്‍ ജനാധിപത്യം ഇല്ലെന്ന് പോപ്പുലര്‍ഫ്രണ്ടിന്റെ നിയന്ത്രണത്തിലാണ് എസ് ഡി പി ഐയെന്നും ഫൈസി ആരോപിച്ചു. എസ് ഡി പി ഐയുടെ നിലവിലുള്ള പ്രവര്‍ത്തനങ്ങളോട് യോജിക്കാന്‍ കഴിയില്ല. എല്ലാവരെയും ഉള്‍ക്കൊള്ളുന്നുവെന്നാണ് പറയുന്നതെങ്കിലും അതല്ല സ്ഥിതി. ബ്രാഞ്ച് മുതല്‍ ദേശീയതലം വരെ നേതൃത്വങ്ങളെ തെരഞ്ഞെടുക്കുന്നതും പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കുന്നതും പോപ്പുലര്‍ഫ്രണ്ട് മാത്രമാണ്.
കേരളത്തിലടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ മാത്രമായി എസ്ഡിപിഐ പ്രവര്‍ത്തനം ചുരുക്കണമെന്നും ബാക്കി സ്ഥലങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനം മതിയെന്നുമാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. നാഷണല്‍ ഡെവലപ്‌മെന്റ് ഫ്രണ്ട് എന്ന സംഘടനയില്‍ നിന്നാണ് പോപ്പുലര്‍ഫ്രണ്ട് ഉണ്ടാകുന്നത്.

ഇതിനിടെ കുടുംബപരമായ പ്രശ്‌നത്തില്‍ നീതിയുടെ പക്ഷത്ത് നിന്നതിനു എസ്ഡിപിഐ യില്‍ ജനാധിപത്യമില്ലെന്നു പറഞ്ഞ് വാര്‍ത്താസമ്മേളനം നടത്തി പാര്‍ട്ടിയെ അവഹേളിക്കുക വഴി പാര്‍ട്ടി അച്ചടക്കം ലംഘിച്ച ടികെ കുഞ്ഞമ്മദ് ഫൈസിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അറിയിച്ചു. സ്വന്തം അനുജനുമായുണ്ടായ വഴി തര്‍ക്കത്തില്‍ അന്യായമായി കക്ഷി ചേരാന്‍ പ്രദേശത്തെ പ്രവര്‍ത്തകര്‍ സന്നദ്ധരാകാതിരുന്നത് മാത്രമാണ് ടികെ കുഞ്ഞമ്മദ് ഫൈസിയുടെ പ്രകോപനത്തിന് കാരണം. മജീദ് ഫൈസി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ