ചൊവ്വാഴ്ച, ജനുവരി 23, 2018
ന്യൂഡല്‍ഹി: ബി.ജെ.പി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം തുടങ്ങിയ എണ്ണ വിലയുടെ കടിഞ്ഞാണില്ലാതെ കുതിപ്പ് പിടിച്ചു കെട്ടണമെന്ന് എണ്ണ മന്ത്രാലയം. ഇതു സംബന്ധിച്ച് മന്ത്രാലയം ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് ശിപാര്‍ശ നല്‍കി. എണ്ണവില പിടിച്ചുനിര്‍ത്താന്‍ എക്‌സൈസ് ഡ്യുട്ടി വെട്ടിക്കുറയ്ക്കണമെന്നാണ് മന്ത്രാലയത്തിന്റെ ആവശ്യം.
2014ല്‍ കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് വലിയ വിലക്കയറ്റാണ് നേരിടുന്നത്. രാജ്യത്തെ ശരാശരി ഡീസല്‍ വില ലിറ്ററിന് 63.20 രൂപയിലും പെട്രോളിന് 72.38 രൂപയിലുമെത്തി. ഡിസംബര്‍ പകുതി മുതല്‍ 3.31 രൂപയുടെ വര്‍ധനവാണ് പെട്രോളിന് ഓരോ ലിറ്ററിലും ഉണ്ടായിരിക്കുന്നത്. മുംബൈയില്‍ പെട്രോള്‍ നിരക്ക് 80 രൂപയായി. 67.30 രൂപയ്ക്കാണ് മുംബൈയില്‍ ഡീസല്‍ വില്‍ക്കുന്നത്. ഡിസംബര്‍ പകുതിക്ക് ശേഷം ഡീസലിന് 4.86 രുപയുടെ വര്‍ധനവാണ് വന്നിരിക്കുന്നത്. പ്രദേശിക വില്‍പ്പന നികുതിയും വാറ്റും ഏറ്റവും കൂടിയ നിലയിലാണ്.
ഇതോടെയാണ് പെട്രോളിയം ഉത്പന്നങ്ങളുടെ എക്‌സൈസ് ഡ്യൂട്ടി വെട്ടിക്കുറയ്ക്കണമെന്ന ആവശ്യം എണ്ണ മന്ത്രാലയം മുന്നോട്ടുവയ്ക്കുന്നത്. ഈ വരുന്ന ബജറ്റില്‍ ഇതുസംബന്ധിച്ച നിര്‍ദേശം വയ്ക്കണമെന്നാണ് മന്ത്രാലയത്തിന്റെ നിര്‍ദേശം. വില നിയന്ത്രിക്കുന്നതിന് നിരവധി നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് പെട്രോളിയം സെക്രട്ടറി കെ.ഡി ത്രിപാഠി പറഞ്ഞുവെങ്കിലം അവ വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല.
നിലവില്‍ പെട്രോളിന് 19.48 രൂപയും ഡീസലിന് 15.33 രൂപയുമാണ് കേന്ദ്രസര്‍ക്കര്‍ എക്‌സൈസ് ഡ്യൂട്ടിയായി ഈടാക്കുന്നത്. വാറ്റ് യഥാക്രമം 15.39 രൂപയും 9.32 രൂപയുമാണ്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ