ന്യൂഡല്‍ഹി: ഹാദിയയുടെ വിവാഹം റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി. ഹാദിയയുടേത് പരസ്പര സമ്മതത്തോടെയുള്ള വിവാഹമാണ്. നല്‍കിയിരിക്കുന്നത് മാനഭംഗക്കേസല്ല. വിദേശ റിക്രൂട്ട്‌മെന്റ് നടക്കുന്നതായി വിവരമുണ്ടെങ്കില്‍ ഇടപെടേണ്ടത് സര്‍ക്കാരാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. അതേസമയം ഹാദിയയെ വീട്ടുതടങ്കലില്‍ പീഡിപ്പിച്ചുവെന്ന ആരോപണത്തില്‍ പിതാവ് അശോകന്‍ മറുപടി നല്‍കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.
മാര്‍ച്ച് എട്ടിന് കേസ് വീണ്ടും പരിഗണിക്കും. അതേസമയം രാഹുല്‍ ഈശ്വറിനെതിരായി ഉന്നയിച്ച ആരോപണം ഹാദിയ പിന്‍വലിച്ചു. കേസ് പരിഗണിക്കുന്നത് നീട്ടിവയ്ക്കണമെന്ന അശോകന്റെ ആവശ്യം സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു. തങ്ങള്‍ക്കെതിരെയും എന്‍.ഐ.എയ്‌ക്കെതിരെയും ഹാദിയ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നും അശോകന്‍ ആവശ്യപ്പെട്ടിരുന്നു.
ഷെഫിന്‍ ജഹാനോടൊപ്പം ജീവിക്കണമെന്ന നിലപാടില്‍ ഹാദിയ ഉറച്ചുനിന്നു. താന്‍ മുസ്ലീമാണെന്നും അപ്രകാരം ജീവിക്കാന്‍ അനുവദിക്കണമെന്നും കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഹാദിയ വ്യക്തമാക്കിയിരുന്നു. വീട്ടുതടങ്കലില്‍ തനിക്ക് നല്‍കിയ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയിരുന്നെന്നും വീട്ടുതടങ്കലില്‍ അനുഭവിച്ച പീഡനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ഹാദിയ ആവശ്യപ്പെട്ടിരുന്നു.
സുരക്ഷാ ചുമതലയുണ്ടായിരുന്ന വൈക്കം ഡി.വൈ.എസ്.പി കൈചൂണ്ടി ഭീഷണിപ്പെടുത്തി. എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ ഭീകരബന്ധമുള്ളയാളെന്ന മട്ടില്‍ പെരുമാറിയെന്നും ഹാദിയ ആരോപിച്ചിരുന്നു. ഹാദിയയെ ലൈംഗിക അടിമയാക്കി സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ഹാദിയയുടെ പിതാവ് അശോകനും സത്യവാങ്മൂലം നല്‍കിയിരുന്നു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ