അജ്മാൻ : ജീവിതത്തിലെ നിർബന്ധിതമായ പ്രവാസി എന്ന മേലങ്കി അണിഞ്ഞപ്പോൾ നഷ്‌ടമായ സൗഹൃദങ്ങളെ ചേർത്തു പിടിച്ചു സൗത്ത് ചിത്താരിയിലെ പ്രവാസികളായ ഒരു പറ്റം ചെറുപ്പക്കാർ. ഒരു പാട് സ്വപ്നങ്ങളുമായി കടൽ കടന്നു മരുഭൂമിയിലെ ചുട്ടു പൊള്ളുന്ന വെയിലിനോടും , മണൽ പരപ്പിനോടും പൊരുതുമ്പോഴും ചെറുപ്പം മുതലേ കെട്ടിപ്പടുത്ത സൗഹൃദങ്ങളെ അവർ കൈവിട്ടിരുന്നില്ല . ലോകത്തിന്റെ പല കോണിലായിരുന്നെങ്കിലും വാട്സാപ്പ് എന്ന സോഷ്യൽ മീഡിയയിൽ കൂടി അവർ ഒത്തു ചേരുകയായിരുന്നു . അങ്ങനെയാണ് ചിത്താരിയുടെ ഹൃദയം എന്ന പേരിൽ വാട്സാപ്പ് കൂട്ടായ്മ ആരംഭിക്കുന്നത് . വർഷങ്ങൾക്കു മുമ്പ് തന്നെ രാഷ്ട്രീയത്തിന്റെയും , സംഘടനയുടെയും വേലിക്കെട്ടുകൾ തകർത്തു കൊണ്ട് രൂപീകൃതമായ ഈ കൂട്ടായ്മ ഇതിനകം തന്നെ ഒരു പാട് കാരുണ്യ പ്രവർത്തനങ്ങൾക്കും , സാമൂഹ്യ സേവനങ്ങൾക്കും ചുക്കാൻ പിടിച്ചു നാടിന്റെയും നാട്ടുകാരുടെയും പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട് .
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ വേണ്ടി പെടാപാട് പെടുമ്പോഴും മനസ്സിന് ഇത്തിരി കുളിർമ്മയും സന്തോഷവും തരുന്നത് പണ്ട് നാട്ടിലെ ഗ്രൗണ്ടിൽ നിന്നും , ചിത്താരിയുടെ തെരുവോരങ്ങളിൽ നിന്നും മനസ്സിൽ കോറിയിട്ട ഈ സൗഹൃദങ്ങൾ സമ്മാനിച്ച ഓർമ്മകൾ ആണെന്നും , അത് അയവിറക്കാനും എല്ലാവരെയും നേരിട്ട് കാണാനും സാധിച്ചതിൽ എല്ലാവരും വളരെ അധികം സന്തോഷത്തിലാണ് എന്ന് ഭാരവാഹികൾ അറിയിച്ചു . മണലാരണ്യത്തിലൂടെ ഒരു യാത്രയും അതിനു ശേഷം ഒരുമിച്ചു ഭക്ഷണവും കഴിച്ചു ജീവിതത്തിന്റെ ഇടവഴിയിൽ എവിടെയോ വെച്ച് നഷ്ടപ്പെട്ട സൗഹൃദം അവർ പുതുക്കി . കൂട്ടായ്മയുടെ പുതിയ ഭാരവാഹികളായി അബ്ദുൽ കരീം സി .കെ , ശിഹാബ് സി .കെ , സുബൈർ .എം .എ , ഫസൽ ചിത്താരി എന്നിവരെ തിരഞ്ഞെടുത്തു .
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ