മഞ്ചേരി: സംസ്ഥാനത്ത് നടന്ന വാട്‌സ്ആപ്പ് ഹര്‍ത്താലുമായി ബന്ധപ്പെട്ട് എ.ബി.വി.പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കൊല്ലം ചടയമംഗലം സ്വദേശി സൗരവ് സനുവാണ് അറസ്റ്റിലായത്. ഹര്‍ത്താലിന്റെ പിന്നിലെ ഗൂഢാലോചന അന്വേഷിക്കുന്ന ഡി.വൈ.എസ്.പി ജോഷി ചെറിയാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഹര്‍ത്താല്‍ ആഹ്വാനം പ്രചരിപ്പിക്കുന്നതിനായി തുടങ്ങിയ വോയിസ് ഓഫ് യൂത്ത് എന്ന ഗ്രൂപ്പിന്റെ ആറാം പതിപ്പിന്റെ അഡ്മിനാണ് സൗരവ്.
ആറ്റിങ്ങലിലെ എഞ്ചിനീയറിംഗ് കോളജിലെ ബിടെക് വിദ്യാര്‍ത്ഥിയാണ് സൗരവ്. ഹര്‍ത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പോലീസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ കേസുകളിലും ഇയാള്‍ പ്രതിയാകും. കോടതിയില്‍ ഹാജരാക്കിയ സൗരവിനെ റിമാന്‍ഡ് ചെയ്തു. കലാപത്തിന് ആഹ്വാനം ചെയ്യല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, പെണ്‍കുട്ടിയെ അപമാനിക്കല്‍, പോക്‌സോ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ്.
നേരത്തെ അറസ്റ്റിലായ അമര്‍നാഥ് ബൈജുവിന്റെ സഹപാഠിയാണ് സൗരവ്. അമര്‍നാഥ് ആണ് ഹര്‍ത്താല്‍ എന്ന ആശയം മുന്നോട്ട് വച്ചത്. തുടര്‍ന്ന് ഇതിനായി സംസ്ഥാന വ്യാപകമായും ജില്ലകള്‍ തോറും വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച് പ്രവര്‍ത്തനം നടത്തുകയായിരുന്നു. വര്‍ഗീയകലാപം നടത്താന്‍ ലക്ഷ്യമിട്ടാണ് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ ഹര്‍ത്താല്‍ ആഹ്വാനം പ്രചരിപ്പിച്ചത്. എസ്.ഡി.പി.ഐ അത് ഏറ്റെടുത്ത് നടപ്പിലാക്കുകയും ചെയ്തു.
0 Comments