രാജ്യത്തെ 1.3 ലക്ഷം പേരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു: പിന്നാലെ സര്‍ക്കാര്‍ വെബ്‌സൈറ്റ് പ്രവര്‍ത്തനരഹിതം

രാജ്യത്തെ 1.3 ലക്ഷം പേരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു: പിന്നാലെ സര്‍ക്കാര്‍ വെബ്‌സൈറ്റ് പ്രവര്‍ത്തനരഹിതം

ന്യൂഡല്‍ഹി: രാജ്യത്തെ 1.3 ലക്ഷം ആളുകളുടെ ആധാര്‍ വിവരങ്ങള്‍ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ നിന്നു ചോര്‍ന്നു. ആന്ധ്രാപ്രദേശ് ഭവന നിര്‍മ്മാണ പദ്ധതിയുടെ വെബ്‌സൈറ്റില്‍ നിന്നാണ് ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നത്. ഹുദ്ധുധ് എന്ന ഭവന നിര്‍മ്മാണ പദ്ധതിക്ക് അര്‍ഹരായ ആളുകളുടെ വിവരങ്ങളാണ് സൈറ്റില്‍ നിന്ന് ചോര്‍ന്നത്.

ആളുകളുടെ ജാതി, മതം, വാസസ്ഥലം, എന്നിവ ആര്‍ക്കും സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ കയറി പരിശോധിക്കാന്‍ കഴിയുന്ന വിധത്തിലായിരുന്നു സൈറ്റ് പ്രവര്‍ത്തിച്ചുവന്നത്. ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ വെബ്‌സൈറ്റ് പ്രവര്‍ത്തനരഹിതമായി. സുരക്ഷാ ഗവേഷകനായ ശ്രീനിവാസ് കോഡാലിയാണ് ആധാര്‍ നമ്പര്‍, ബാങ്ക് ബ്രാഞ്ച്, ഐഎഫ്എസ്സി കോഡ്, അക്കൗണ്ട് നമ്പര്‍, വിലാസം, റേഷന്‍ കാര്‍ഡ് നമ്പര്‍ ഉള്‍പ്പെടെ യുള്ള വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ജനങ്ങളുടെ മതം, ജാതി ഉള്‍പ്പെടെയുള്ളവ ആധാര്‍ വിവരത്തില്‍ ചേര്‍ക്കില്ലെന്ന് യുഐഡിഎഐ ആവര്‍ത്തിച്ച് വ്യക്തമാക്കുമ്പോള്‍ ആധാര്‍ വിവര ശേഖരത്തില്‍ സര്‍ക്കാരുകള്‍ അതു ചെയ്യുന്നുണ്ട്, ആന്ധ്രയുടെ ഭവന കോര്‍പറേഷന്‍ വെബസൈറ്റ് ഇതിനു തെളിവാണെന്നും ശ്രീനിവാസ് പറയുന്നു. യൂണിക് ഐഡിയിലേക്ക് ഇതില്‍ ഏതു വിവരങ്ങളാണ് കൂട്ടിച്ചേര്‍ക്കുന്നതെന്ന് യുഐഡിഎഐ യ്ക്ക് ഒരു ധാരണയുമില്ലെന്നും ശ്രീനിവാസ് രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. ആധാര്‍ വഴി ജാതി, മതം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചിട്ടില്ലെന്ന് യുഐഡിഎഐ സുപ്രീംകോടതിയില്‍ വ്യക്തമാകകിയിരുന്നു.

ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴാണ് വീണ്ടും വന്‍ വിവര ചോര്‍ച്ച ഉണ്ടായതായി റിപ്പോര്‍ട്ട് പുറത്തുവന്നത്. ആധാര്‍ വിവരങ്ങള്‍ ചോരുന്നത് തിരഞ്ഞെടുപ്പുകളില്‍ സ്വാധീനിക്കാന്‍ ഇടയില്ലേയെന്നും സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ചോദ്യം ഉയര്‍ത്തിയിരുന്നു.

Post a Comment

0 Comments