എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയെ അനുസരിക്കുന്നില്ലെന്ന കാരണത്താല്‍ വനിതാ വിഭാഗമായ ഹരിതയുടെ സംസ്ഥാന പ്രസിഡന്റിനെ എം.എസ്.എഫ് പുറത്താക്കി. സംസ്ഥാന പ്രസിഡന്റ് മുഫീദ തസ്‌നിയെയാണ് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.
കൊല്ലം ജില്ലാ കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് സസ്‌പെന്‍ഷനിലേക്കു നയിച്ചത്. വനിതാ സംഘടയായ ഹരിത എം.എസ്.എഫിന്റെ നിര്‍ദേശ പ്രകാരം മാത്രം പ്രവര്‍ത്തിക്കണമെന്ന താത്പര്യമാണ് പുറത്താക്കലിനു പിന്നില്‍. ഹരിത കമ്മിറ്റി ഭാരവാഹികള്‍ സ്ത്രീകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ സ്വതന്ത്രമായ നിലപാട് സ്വീകരിക്കുന്നതിനെതിരെ നേരത്തെ തന്നെ എം.എസ്.എഫില്‍ അമര്‍ഷമുണ്ട്.
സത്രീവിരുദ്ധ പ്രഭാഷണം നടത്തിയ ഫാറൂഖ് കോളജ് അധ്യാപകനെ വിമര്‍ശിച്ച ഹരിത മുന്‍ സംസ്ഥാന പ്രസിഡന്റും ഹരിതയുടെ ചുമതലുള്ള എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റുമായ ഫാത്തിമ തഹിലിയെ സംസ്ഥാന കമ്മിറ്റി നേരത്തെ താക്കീതു ചെയ്തിരുന്നു. ഫാറൂഖ് കോളജിലെ അധ്യാപകന്‍ നടത്തിയത് സത്രീവിരുദ്ധ പ്രഭാഷണമാണെന്നു ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു പറഞ്ഞിതനായിരുന്നു നടപടി.
കൊല്ലം ജില്ലാ കമ്മിറ്റിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഫെയ്‌സ്ബുക്കിലൂടെ പരസ്യമാക്കി എന്ന കാരണത്തലാണ് സസ്‌പെന്‍ഷന്‍. എന്നാല്‍ ഈ പോസ്റ്റ് പിന്‍വലിച്ചിട്ടും നടപടിയുമായി എം.എസ്.എഫ് മുന്നോട്ടു പോവുകയായിരുന്നു. ഹരിത കമ്മിറ്റിയുമായി ബന്ധപ്പെട്ട അഭിപ്രായങ്ങള്‍ പരസ്യമായി പറയാന്‍ പോലും എം.എസ്.എഫിന്റെ അനുമതി വാങ്ങേണ്ട അവസ്ഥയാണുള്ളത്. മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ് തുടങ്ങിയ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ സോഷ്യല്‍ മീഡിയയില്‍ പരസ്യമായി വിഭാഗീയതയുണ്ടാക്കുന്ന പോസ്റ്റിട്ടിട്ടും ഒരു നടപടിയും മുന്‍പ് സ്വീകരിച്ചിട്ടില്ല.
0 Comments