നിപ്പ വൈറസ് എന്നത് മരുന്നു മാഫിയയുടെ വ്യാജ പ്രചരണമാണെന്നും ഇത്തരത്തിലൊരു വൈറസ് ഇല്ലെന്നും പ്രകൃതി ചികിത്സകന്‍ ജേക്കബ് വടക്കഞ്ചേരി. എലിപ്പനി, ഡെങ്കുപ്പനി പോലെ മറ്റൊരു തട്ടിപ്പാണിതെന്നതാണ് അദ്ദേഹം മുന്നോട്ടു വെയ്ക്കുന്ന നിലപാട്. കേരളത്തില്‍ പനി പടരാതിരിക്കാന്‍ സംസ്ഥാന ആരോഗ്യവകുപ്പ് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വെയ്ക്കുമ്പോഴാണ് അതിനെ തള്ളിക്കളയാന്‍ പരോക്ഷമായി ജേക്കബ് വടക്കഞ്ചേരി പ്രചരിപ്പിക്കുന്നത്.
കീടനാശിനികളോ, അവര്‍ കഴിച്ച ഭക്ഷണത്തിലെ എന്തെങ്കിലും ദോഷകരമായ സാധനങ്ങളോ ആയിരിക്കും പേരമ്പ്രയിലെ മരണത്തിലേക്ക് വഴിവെച്ചത്. പഴകിയ ഭക്ഷണങ്ങള്‍ പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് വഴിവെയ്ക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
താനുള്‍പ്പെടെയുള്ള പ്രകൃതി ചികിത്സകര്‍ക്ക് പനിപ്പേടിയില്ലെന്നും ഈ പനി തങ്ങള്‍ക്ക് പിടിക്കില്ലെന്നും അദ്ദേഹം പറയുന്നു. പനി ഉണ്ടായാല്‍ ബ്രിട്ടണിലൊക്കെ മൂന്ന് ദിവസം കാത്തിരിക്കാനാണ് പറയുന്നത്. അല്ലാതെ അപ്പോള്‍ തന്നെ മരുന്ന് കഴിക്കാറില്ല. അതാണ് പിന്തുടരേണ്ടത്. പനി ഉണ്ടായാല്‍ ധാരാളം വെള്ളം കുടിക്കുക ഫ്രഷ് ആയിട്ടുള്ള ഭക്ഷണം കഴിക്കുക തുടങ്ങിയവയാണ് പ്രതിവിധിയെന്നും അദ്ദേഹം പറയുന്നു. ഇവിടുത്തെ ആശുപത്രികളില്‍ നടക്കുന്നത് കാടന്‍ ചികിത്സയാണ്. മെഡിക്കല്‍ സയന്‍സ് ടെക്സ്റ്റ് ബുക്കുകളില്‍ പറയുന്നതിന് നേരെ വിരുദ്ധമായിട്ടാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ഇവരെ നിയന്ത്രിക്കുന്നത് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളാണ്. ഭക്ഷണത്തിലെ കീടനാശിനികളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് അന്വേഷിച്ചിറങ്ങിയ അനുപമ ഐഎഎസിനെ ഉടന്‍ തന്നെ സ്ഥലംമാറ്റി. അത്രയ്ക്ക് ശക്തമാണ് കീടനാശിനി കമ്പനികളുടെ സ്വാധീനമെന്നും അദ്ദേഹം പറഞ്ഞു.
പ്രകൃതി ചികിത്സയുടെ വീക്ഷണകോണില്‍നിന്നു കൊണ്ട് ശാസ്ത്രീയ അടിത്തറയില്ലാത്ത നിഗമനങ്ങളാണ് ജേക്കബ് വടക്കഞ്ചേരി പ്രചരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ഇത്തരം വീഡിയോകള്‍ സമൂഹത്തില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാറുണ്ട്. താങ്കള്‍ പറഞ്ഞത് പൂര്‍ണമായും ശരിയാണെന്ന തരത്തിലാണ് അദ്ദേഹത്തിന്റെ വീഡിയോക്ക് കീഴില്‍ വരുന്ന കമന്റുകള്‍ സൂചിപ്പിക്കുന്നത്. മെഡിക്കല്‍ സയന്‍സ് സംബന്ധിച്ചും മരുന്നുകളുടെ ഉപയോഗം സംബന്ധിച്ചും ധാരണയില്ലാത്ത സാധാരണക്കാരായ ആളുകള്‍ ജേക്കബിനെ പോലുള്ള ആളുകളുടെ പ്രചരണങ്ങള്‍ വിശ്വസിക്കുന്നുണ്ട്.
പെരുവഴിയില്‍ കിടന്നുറങ്ങുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്ന യാചകര്‍ക്കും ഭ്രാന്തന്മാര്‍ക്കുമൊന്നും എന്തുകൊണ്ടാണ് ഇത്തരം പകര്‍ച്ചവ്യാധികള്‍ പിടിപെടാത്തത് എന്ന് അദ്ദേഹം ചോദിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞത് ശരിയല്ലേ എന്ന സംശയം ആളുകള്‍ക്ക് ഉണ്ടാകും. ഇത്തരം സംശയങ്ങള്‍ ആളുകളുടെ ഉള്ളില്‍ നിറച്ചാണ് വ്യാജ പ്രചരണങ്ങള്‍ നടക്കുന്നത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ