മാഡ്രിഡ്: നിരന്തരം ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചതിനാല്‍ റയല്‍മാഡ്രിഡ് ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസിന് ചാമ്പ്യന്‍സ് ലീഗ് മത്സരത്തിന് ശേഷം മൊബൈല്‍ നമ്പര്‍ മാറ്റേണ്ടി വന്നതായി റിപ്പോര്‍ട്ടുകള്‍. സ്പാനിഷ് പത്രമായ El Partidazo de COPE യാണ് റാമോസിനും കുടുംബത്തിനും ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചെന്നും നമ്പര്‍ മാറ്റേണ്ടതായി വന്നെന്നും റിപ്പോര്‍ട്ട് ചെയ്തത്.
നേരത്തെ റാമോസിനെതിരെ ലിവര്‍പൂള്‍, ഈജിപ്ഷ്യന്‍ ആരാധകര്‍ രംഗത്തെത്തിയിരുന്നു.
റാമോസിനെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് യുവേഫയ്ക്ക് നല്‍കാന്‍ നടക്കുന്ന ഒപ്പുശേഖരണത്തില്‍ ഇതുവരെ 500,000 ആരാധകരാണ് ഒപ്പിട്ടിട്ടുള്ളത്. റാമോസിനെതിരെ ഒരു ഈജിപ്ഷ്യന്‍ അഭിഭാഷകന്‍ 873 മില്ല്യണ്‍ പൗണ്ട് നഷ്ടത്തിന് കേസും നല്‍കിയിരുന്നു.
അതേസമയം വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ സലാഹിന്റെ പരിക്ക് എത്രയും പെട്ടെന്ന് ഭേദമാകട്ടെയെന്ന് റാമോസ് പറഞ്ഞിരുന്നു.
ചില സമയത്ത് ഫുട്‌ബോള്‍ അതിന്റെ നല്ലവശം നിങ്ങളെ കാണിച്ചുതരും. മറ്റു ചിലപ്പോള്‍ മോശം വശവും. എല്ലാറ്റിലുമുപരി നമ്മള്‍ പ്രൊഫഷനല്‍ താരങ്ങളാണ്. എത്രയും വേഗം സുഖപ്പെടട്ടെയെന്ന ആശംസ ഹാഷ്ടാഗില്‍ ചേര്‍ത്ത് റാമോസ് ട്വീറ്റ് ചെയ്തിരുന്നു.
സംഭവത്തില്‍ സലാഹും റാമോസിനെ കുറ്റപ്പെടുത്തിയിരുന്നില്ല. പരിക്ക് ഭേദമാവണമെങ്കില്‍ സമയമെടുക്കുമെന്നതിനാല്‍ സലാഹിന് ലോകകപ്പില്‍ തുടക്കത്തിലുള്ള മത്സരങ്ങള്‍ നഷ്ടമാവുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

0 Comments