വെള്ളിയാഴ്‌ച, ജൂൺ 22, 2018
കാഞ്ഞങ്ങാട്: കെണിയിലകപ്പെട്ട രണ്ട് വയസുള്ള ആണ്‍പുലി ചത്തത് രക്തം തലയോട്ടിയില്‍ കയറിയാണെന്ന് പോസ്റ്റു മോര്‍ട്ടം റിപോര്‍ട്ട്. വയനാട്ടിലെ ഫോറസ്റ്റ് വെറ്റിനറി ഓഫിസര്‍ അരുണ്‍ സക്കറിയ, ഡോ.അരുണ്‍, രാജപുരം വെറ്റിനറി ഓഫിസര്‍ മുരളീധരന്‍ എന്നിവര്‍ നടത്തിയ പോസ്റ്റ് മോര്‍ട്ടത്തിന്റെ പ്രാഥമിക റിപോര്‍ട്ടിലാണ് മരണകാരണം കണ്ടെത്തിയത്.
രാത്രി കെണിയില്‍ വീണ പുലി പത്ത് മണിക്കൂറോളം അവശത അനുഭവിക്കേണ്ടി വന്നു. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ മയക്കു വെടിവെക്കാന്‍ ആശ്രയിക്കേണ്ടത് വയനാട് ബത്തേരിയിലെ വൈല്‍ഡ് ലൈഫ് ഡിവിഷനില്‍ നിന്നാണ്. 200 ഓളം കിലോ മീറ്റര്‍ സഞ്ചരിച്ച് വെറ്റിനറി ഡോക്ടര്‍മാര്‍ എത്തുമ്പോഴെക്കും പുലി തീര്‍ത്തും അവശനായി കഴിഞ്ഞിരുന്നു. പന്നിക്ക് വെച്ച കുടുക്ക് പുലിയുടെ വയറില്‍ കുടുങ്ങി രക്തസഞ്ചാരം തടസപ്പെടുകയായിരുന്നു.
മയക്കു വെടി വെച്ച് തളച്ചു പുലിയെ കൊണ്ടു പോകാനുള്ള കൂട് പോലും വനം വകുപ്പില്ലായിരുന്നു. പുലി ചാകാനും ഇത് കാരണമായി. സമാന സംഭവങ്ങള്‍ ഏറെയുണ്ടായിട്ടും ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാനുളള സംവിധാനം ഇനിയും ഏര്‍പ്പെടുത്തുന്നില്ല. വാഹനത്തിന്റെ ക്ലച്ച് കേബിള്‍ കൊണ്ട് ഉണ്ടാക്കിയ കൂര്‍ക്കിലാണ് പുലി വീണത്. ആന്തരീകമായി പുലിക്ക് ക്ഷതമുണ്ടായിരിക്കാം. പുലിയെ വേട്ടയാടി എന്ന നിലയില്‍ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുള്ളതായി കാഞ്ഞങ്ങാട് ഫോറസ്റ്റ് ഓഫിസര്‍ സുധീര്‍ നരോത്ത് അറിയിച്ചു. വന്യ ജീവി സംരക്ഷണ നിയമത്തിന്റെ 90/72 വകുപ്പ് പ്രകാരം കേസെടുത്തിട്ടുള്ളത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ