നാലുവരിപ്പാത യാഥാര്‍ത്ഥ്യമായില്ല; ഉദുമ വികസന സമിതി രണ്ടാംഘട്ട പ്രക്ഷോഭത്തിലേക്ക്

നാലുവരിപ്പാത യാഥാര്‍ത്ഥ്യമായില്ല; ഉദുമ വികസന സമിതി രണ്ടാംഘട്ട പ്രക്ഷോഭത്തിലേക്ക്

ഉദുമ: കെ.എസ്.ടി.പി റോഡില്‍ ഉദുമ ടൗണില്‍ നാലുവരിപ്പാതയാക്കി ഡിവൈഡര്‍ സ്ഥാപിക്കുമെന്ന കെ.എസ്.ടി.പി അധികൃതരുടെ വാഗ്ദാനം നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ച് ഉദുമക്കാര്‍ കൂട്ടായ്മയുടെയും കേരള വ്യാപാരി വ്യവസായി എകോപന സമിതി ഉദുമ യൂണിറ്റിന്റെയും നേതൃത്വത്തില്‍ രൂപീകരിച്ച ഉദുമ വികസന സമിതി രണ്ടാംഘട്ട പ്രക്ഷോഭത്തിനൊരുങ്ങുന്നു. സമരം ആസൂത്രണം ചെയ്യാന്‍ വികസന സമിതി യോഗം വ്യാഴാഴ്ച വൈകിട്ട് ആറുമണിക്ക് ഉദുമ വ്യാപാര ഭവനില്‍ ചേരുമെന്ന് വികസന സമിതി ചെയര്‍മാന്‍ എ.വി ഹരിഹരസുധന്‍, കണ്‍വീനര്‍ ഫറൂഖ് കാസ്മി എന്നിവര്‍ അറിയിച്ചു.
റോഡിന് തടസമായി നില്‍ക്കുന്ന പാരപെറ്റ് പൊളിച്ചുമാറ്റി റോഡ് നാലുവരി പാതയാക്കി ഡിവൈഡര്‍ സ്ഥാപിക്കുമെന്നാണ് കെ.എസ്.ടി.പി അധികൃതര്‍ നാട്ടുകാര്‍ക്ക് നല്‍കിയ വാഗ്ദാനം. ഇപ്പോള്‍ രണ്ടുവരി പാതയാണ് ഉദുമ ടൗണിലുള്ളത്. വാഹനത്തിന്റെ എണ്ണം കൂടിയതോടെ ടൗണില്‍ വാഹനാപകടവും വര്‍ധിച്ചിട്ടുണ്ട്. രണ്ടുവര്‍ഷത്തിനുള്ളില്‍ നാലുപേര്‍ ടൗണ്‍ പരിധിയില്‍ വാഹനാപകടത്തില്‍ മരണപ്പെടുകയുണ്ടായി. ഇപ്പോള്‍ നിലവിലുള്ള രണ്ടുവരി പാതയില്‍ നിര്‍മിക്കുന്ന ഡിവൈഡര്‍ അശാസ്ത്രീയമാണ്. വളരെ വീതി കുറഞ്ഞ ഡിവൈഡറാണ് ഇവിടെ നിര്‍മിക്കുന്നത്. നിര്‍മാണം തുടങ്ങിയ ദിവസം തന്നെ കാപ്പില്‍ താജ്‌ഹോട്ടല്‍ ജീവനക്കാരന്‍ മേല്‍പറമ്പ് സ്വദേശി കെ.ആര്‍ നവീന്‍കുട്ടന്‍  വാഹനാപകടത്തില്‍ മരണപ്പെട്ടിരുന്നു.
ടൗണില്‍ വാഹനാപകടം തടയാന്‍ സിഗ്‌നല്‍ ബോര്‍ഡ് സ്ഥാപിച്ചില്ല. വിദ്യാര്‍ത്ഥികളും യാത്രക്കാരും റോഡ് മറിച്ചുകടക്കുന്നത് വളരെ സാഹസപ്പെട്ടാണ്. യാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ സീബ്ര ലൈന്‍ പോലും വരച്ചിട്ടില്ല. റെയില്‍വേ ഗേറ്റ് അടച്ചാല്‍ വാഹനങ്ങള്‍ തലങ്ങും വിലങ്ങും നിര്‍ത്തിയിടുന്നു. ഇതിനടുത്ത് തന്നെയാണ് മത്സ്യമാര്‍ക്കറ്റും സ്ഥിതി ചെയ്യുന്നത്. തീവണ്ടി പോയി ഗേറ്റ് തുറന്നാല്‍ വാഹനങ്ങള്‍ ഒരു നിയന്ത്രണവുമില്ലാതെയാണ് കെ.എസ്.ടി.പി റോഡിലേക്ക് കടക്കുന്നത്. പല ദിവസങ്ങളിലും ഇവിടെ അപകടം നടന്നിട്ടുണ്ട്. റെയില്‍വേ ഗേറ്റ് കടക്കുന്ന വാഹനങ്ങളെ നിയന്ത്രിക്കാന്‍ ഇവിടെ സര്‍ക്കിള്‍ സ്ഥാപിക്കണമെന്ന ആവശ്യവും കെ.എസ്.ടി.പി അധികൃതര്‍ ചെവികൊണ്ടില്ല. പടിഞ്ഞാര്‍ റോഡ് ജംഗ്ഷന്‍ മുതല്‍ പുതിയ നിരം റോഡ് ജംഗ്ഷന്‍ വരെ വീതിയുള്ള ഡിവൈഡര്‍ നിര്‍മിച്ചാല്‍ അപകടം ഒരു പരിധി വരെ കുറയ്ക്കാന്‍ കഴിയും. ടൗണ്‍ റോഡ് നാലുവരിപാതയാക്കി മാറ്റി അപകടം തടയാനാവശ്യമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ നിരന്തരമായ പ്രക്ഷോഭം നടത്താനാണ് ഉദുമ വികസന സമിതിയുടെ തീരുമാനം.

Post a Comment

0 Comments