ന്യൂഡല്‍ഹി: കള്ളപ്പണത്തെ നേരിടാന്‍ നിയമം കര്‍ക്കശമാക്കുകയും നടപടികള്‍ എടുക്കുകയും നോട്ട് നിരോധനം പോലെയുള്ള ധീരമായ ചുവട് വെയ്പ്പ് നടത്തിയിട്ടും സ്വിസ് ബാങ്കിലേക്ക് ഒഴുക്കുന്ന പണത്തിന് തടയിടാന്‍ കഴിയാതെ കേന്ദ്രസര്‍ക്കാര്‍. സ്വിസ് ബാങ്കുകളിലേക്ക് പോകുന്ന ഇന്ത്യന്‍ പണത്തിന്റെ അളവ് 2017 ല്‍ 50 ശതമാനം കൂടി 7000 കോടി ആയെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
വിദേശ ഇടപാടുകാരുടെ പണനിക്ഷേപം 2017 ല്‍ മൂന്ന് ശതമാനമാണ് സ്വസ്ബാങ്കുകളില്‍ വര്‍ദ്ധിച്ചത്. ഇത് ഏകദേശം 1.46 ട്രില്യണ്‍ സ്വസ് ഫ്രാങ്ക് (100 ലക്ഷം കോടി രൂപ)വരും. ഇതില്‍ 1.01 ബില്യണ്‍ സ്വിസ് ഫ്രാങ്കാണ് ഇന്ത്യാക്കാരുടെ നിക്ഷേപം. ആല്‍പ്പിന്‍ രാജ്യത്തിന്റെ കേന്ദ്ര ബാങ്കിംഗ് അതോറിറ്റിയായ സ്വിസ് നാഷണല്‍ ബാങ്കിന്റേതാണ് ഡേറ്റകള്‍. അതേസമയം കള്ളപ്പണത്തെ തകര്‍ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ശക്തമായി നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് ഇതിന് നേരെ വിപരീതമായ ട്രന്റ് സാമ്പത്തീക രംഗത്ത് നിന്നും ദൃശ്യമാകുന്നത്.
2016 ല്‍ സ്വിസ് ബാങ്കിലേക്കുളള ഇന്ത്യന്‍ പണത്തിന്റെ ഒഴുക്ക് 45 ശതമാനം കുറഞ്ഞിരുന്നു. 1987 മുതലുള്ള കണക്കുകള്‍ പ്രകാരം 676 മില്യണ്‍ ഫ്രാങ്ക് (4,500 കോടി) മാത്രമായിരുന്നു കിട്ടിയത്. 2017 വരെ ഇന്ത്യാക്കാര്‍ നേരിട്ട് കൈകാര്യം ചെയ്യുന്ന സമ്പത്ത് സ്വസിബാങ്കുകളില്‍ 999 ദശലക്ഷം സ്വിസ്ഫ്രാങ്കാ(6,861 കോടി രൂപ)ണ്. നേരിട്ടുള്ള നിക്ഷേപം 464 മില്യണ്‍ ഫ്രാങ്ക് (3,200 കോടി), മറ്റുബാങ്കുകള്‍ വഴിയുള്ള ഇടപാട് 152 ദശലക്ഷം (1,050 കോടി), മറ്റു ബാദ്ധ്യതകള്‍ വഴിയുള്ളത് 383 ദശലക്ഷം (2,640 കോടി) എന്നിങ്ങനെയാണ് 2017 ലെ കണക്കുകള്‍. ഈ മൂന്ന് വിഭാഗത്തിലും ഫണ്ടുകള്‍ കുത്തനെ ഉയര്‍ന്നു. എല്ലാ വിഭാഗത്തിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നല്ല ഉയര്‍ച്ചയുണ്ടായിട്ടുണ്ട്.
2006 ലായിരുന്നു സ്വിസ് ബാങ്കുകളില്‍ ഏറ്റവും കൂടുതല്‍ പണം ഇന്ത്യാക്കാര്‍ നിക്ഷേപിച്ചത്. 6.5 ബില്യണ്‍ ഫ്രാങ്ക് (23,000 കോടി) പത്തുവര്‍ഷം കഴിഞ്ഞപ്പോള്‍ അതില്‍ പത്തിലൊന്ന് മാത്രമാണ് ഉണ്ടാക്കാനായത്. അതിന് ശേഷം ഇന്ത്യന്‍ പണം റെക്കോഡിലേക്ക് ഉയരുന്നത് ഇത് മൂന്നാം തവണയാണ്. 2011 ല്‍ 12 ശതമാനം, 2013 ല്‍ 43 ശതമാനം, 2017 ല്‍ 50.2 ശതമാനവും ഉയര്‍ന്നു. അതേസമയം സൂറിച്ച് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എസ്എന്‍ബിയുടെ ഏറ്റവും പുതിയ ഡേറ്റകള്‍ കള്ളപ്പണത്തിന് എതിരേയുള്ള ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഗുണകരമാകുമെന്നാണ് കരുതുന്നത്.
ഇന്ത്യയുടെ കള്ളപ്പണത്തിനെതിരേയുള്ള യുദ്ധത്തില്‍ കൂട്ടു നില്‍ക്കാമെന്ന് നേരത്തേ തന്നെ സ്വിറ്റ്‌സര്‍ലന്റ് വ്യക്തമാക്കിയിട്ടുണ്ട്. നിയമവിരുദ്ധമായ ജോലികള്‍ ചെയ്യുന്നവരെന്ന് സംശയിക്കപ്പെടുന്ന ഇന്ത്യയിലെയും മറ്റു ചിലരാജ്യങ്ങളിലെയും ഇടപാടുകാരുടെ വിവരങ്ങള്‍ കൈമാറാമെന്ന് സ്വിറ്റ്‌സര്‍ലന്റ് ഇന്ത്യപോലെയുള്ള ചില രാജ്യങ്ങളുമായി കരാറില്‍ എത്തിയിട്ടുണ്ട്. പല തവണ ഇക്കാര്യത്തില്‍ ചര്‍ച്ചകളും നടന്നുകഴിഞ്ഞു.
0 Comments