കുണ്ടംകുഴി: കുണ്ടംകുഴി ഗവ: ഹയർ സെക്കൻഡറി സ്കൂളിന്റെ കുട്ടിവനത്തിൽ ഇനി മുതൽ പ്ലാവുകൾ താരം. ചക്ക സംസ്ഥാന ഫലമായി തെരഞ്ഞെടുത്തതിന്റെ ഭാഗമായാണ് സ്കൂളിന്റെ ജൈവ വൈവിധ്യ പാർക്കായ കുട്ടിവനത്തിൽ ഇക്കോക്ലബ് പ്രവർത്തകർ വ്യത്യസ്ത ഇനം പ്ലാവിൻതൈകൾ നട്ടത്. കുട്ടിവനം കഴിഞ്ഞ വർഷമാണ് ജൈവവൈവിധ്യ പാർക്കാക്കി മാറ്റിയത്. വിവിധയിനം നാട്ടുമാവുകൾ, അത്തി, ലക്ഷ്മിതരു, ഉങ്ങ് ,വാക, കണിക്കൊന്ന, പേര തുടങ്ങി നിരവധി വൃക്ഷങ്ങളും ചെടികളും ജൈവവൈവിധ്യ പാർക്കിൽ വളരുന്നുണ്ട്. അൻപതോളം പ്ലാവിൻതൈകളാണ് ഇപ്പോൾ ഇക്കോക്ലബ്ബിന്റെ നേതൃത്വത്തിൽ നട്ടത്. അരയേക്കറോളം ചെങ്കൽ പാറയാണ് ജൈവവൈവിധ്യ പാർക്കാക്കി മാറ്റിയത്. ഇത് ഒരേക്കർ സ്ഥലത്തേക്ക് വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്. പ്ലാവിൻ തൈ നടൽ പ്രവർത്തനങ്ങൾക്ക് പ്രധാനധ്യാപകൻ കെ.അശോക, സീനിയർ അസിസ്റ്റൻറ് പി.ഹാഷിം, കൺവീനർ പി.കെ ജയരാജൻ, പുഷ്പരാജൻ, ഷൈന, സി.പ്രശാന്ത്, സത്യനാരായണൻ, കെ.അശോകൻ, പത്മനാഭൻ ,പീതാംബരൻ, അബ്ദുൽ റഹ്മാൻ, ആന്റണിസിനീഷ്, അനൂപ് പെരിയൽ, ശ്രീജ, മുഹ്സീന, നൃപൻമുരളി, അദ്വൈത് എന്നിവർ നേതൃത്വം നൽകി.
0 Comments