മൊഗ്രാൽ: വ്യായാമം, കായിക മികവ് എന്നതിനു പുറമെ ജീവിതരക്ഷയുടെ മാർഗ്ഗം കൂടിയായ നീന്തൽ പരിശീലനവുമായി എം എസ് മുഹമ്മദ് കുഞ്ഞി ഈ വർഷവും രംഗത്ത്. ഇതിനകം ആയിരക്കണക്കിന് കുട്ടികളെയാണ് മുഹമ്മദ് കുഞ്ഞി ഈ ജീവൻ രക്ഷാ മാർഗ്ഗം പരിശീലിപ്പിച്ചത്.
സൗജന്യ സേവനത്തിലൂടെ 'ത്രിൽ ' കണ്ടെത്തുന്ന മുഹമ്മദ്‌കുഞ്ഞി ഈ മേഖലയിൽ ഇരുപത്തി ഒമ്പതാം വർഷത്തിലേക്ക് പാദമൂന്നുകയാണ്. ശിഷ്യ ഗണങ്ങളാണ് തന്റെ ഏറ്റവും വലിയ സമ്പാദ്യം എന്ന് കരുതുന്ന ഈ മാതൃകാ പുരുഷനെ ഇതിനകം നിരവധി അംഗീകാരങ്ങൾ തേടിയെത്തിയിട്ടുണ്ട്. ദേശീയവേദിയുടെ സജീവപ്രവർത്തകനും കലാകാരനുമായ മുഹമ്മദ് കുഞ്ഞിയുടെ ഈ വർഷത്തെ നീന്തൽ പരിശീലനം ജൂണ്‍ 9ന് ( തിങ്കൾ ) മുതൽ മൊഗ്രാൽ കണ്ടത്തിൽ പള്ളിക്കുളത്തിൽ ആരംഭിക്കുന്നു. 08 നും 18 നും ഇടയിലുള്ള കുട്ടികൾക്ക് രക്ഷിതാക്കളുടെ ഒപ്പോടു കൂടിയ അപേക്ഷ ഫോറം പൂരിപ്പിച്ച് വാങ്ങിയാണ് പ്രവേശനം നൽകുന്നത്.
നീന്തൽ പരിശീലന ബ്രൗഷർ പ്രകാശനം ദേശീയവേദി ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് മൊഗ്രാൽ ഗവ. സ്കൂൾ പി ടി എ പ്രസിഡന്റ് എ. എം സിദ്ദീഖ് റഹ്മാൻ നിർവഹിച്ചു. മൊഗ്രാൽ ദേശീയവേദി പ്രസിഡന്റ്: ടി.കെ അൻവർ അധ്യക്ഷത വഹിച്ചു.ജന. സെക്രട്ടറി കെ.പി മുഹമ്മദ് സ്വാഗതവും ട്രഷറർ മുഹമ്മദ് അബ്‌കോ നന്ദിയും പറഞ്ഞു.
0 Comments