ക്വലാലംപൂര്‍: വിദ്വേഷ പ്രസംഗങ്ങള്‍ സംബന്ധിച്ച് അന്വേഷണം നേരിടുന്ന മുസ്ലിം മതപ്രഭാഷകന്‍ ഡോ.സാക്കിര്‍ നായിക്കിനെ ഇന്ത്യയിലേക്ക് തിരിച്ചയിക്കില്ലെന്ന് മലേഷ്യന്‍ സര്‍ക്കാര്‍. മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദാണ് ഇക്കാര്യം വ്യക്തമാക്കിയത്. സാക്കിര്‍ നായിക്കിന്‍റെ ഭാഗത്തുനിന്ന് പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അതിനാല്‍ തന്നെ അദ്ദേഹത്തെ തിരിച്ചയക്കാനാകില്ലെന്നും പറഞ്ഞ പ്രധാനമന്ത്രി സാക്കിറിന് മലേഷ്യ സ്ഥിരതാമസത്തിനുള്ള അവസരം ഒരുക്കിയിട്ടുള്ളതാണെന്നും കൂട്ടിച്ചേര്‍ത്തു.
സാക്കിര്‍ നായിക് ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നതു ബുധനാഴ്ചയാണ് . മലേഷ്യന്‍ സര്‍ക്കാര്‍ പ്രതിനിധിയായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ സാക്കിര്‍ ഇത് നിഷേധിക്കുകയാണുണ്ടായത്. ഇന്ത്യയിലേക്ക് താന്‍ ഉടന്‍ മടങ്ങുന്നില്ലെന്നു പറഞ്ഞ സാക്കിര്‍ നീതിയുക്തമല്ലാത്ത വിചാരണയില്‍ വിശ്വസിക്കുന്നില്ലെന്നും കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്തു നിന്ന് നീതിപൂര്‍വമായ നിലപാട് ഉണ്ടാകുമ്പോഴേ മടക്കമുള്ളൂ എന്നുമായിരുന്നു പറഞ്ഞത്. സാക്കിറിന്‍റെ തിരിച്ചുവരവ് സംബന്ധിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയവും വ്യക്തമാക്കിയിരുന്നു.
വിദ്വേഷ പ്രസംഗങ്ങള്‍ സംബന്ധിച്ച് അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെ 2016ലാണ് സാക്കിര്‍ ഇന്ത്യ വിട്ടത്.
സാക്കിറിനെതിരെ റെഡ്കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ പലവട്ടം ഇന്ത്യയോട് ആവശ്യപ്പെട്ടുവെന്നും അങ്ങനെയെങ്കില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ഇന്ത്യയിലെത്തിക്കാമെന്ന് അറിയിച്ചതാണെന്നും എന്നാല്‍ ഇന്ത്യ ഇക്കാര്യത്തില്‍ പരാജയപ്പെട്ടുവെന്നും മലേഷ്യന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. സാക്കിര്‍ നായികിന്‍റെ പ്രഭാഷണങ്ങള്‍ ഇന്ത്യയിലെ വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സൗഹാര്‍ദ്ദം തകര്‍ക്കുമെന്നും വിദ്വേഷം വര്‍ധിപ്പിക്കുമെന്നുമാണ് എന്‍ഐഎയുടെ നിരീക്ഷണം.
52കാരനായ സാക്കിര്‍ അറസ്റ്റ് ഭയന്ന് 2016ല്‍ പിതാവ് ഡോ. അബ്ദുള്‍ കരീം നായികിന്‍റെ സംസ്കാര ചടങ്ങില്‍ പോലും സംബന്ധിച്ചിരുന്നില്ല.
0 Comments