ചരിത്രദൗത്യം സമ്പൂര്‍ണ വിജയം: ഗുഹയില്‍ അകപ്പെട്ട 13 പേരെയും പുറം ലോകത്തെത്തിച്ചു

ചരിത്രദൗത്യം സമ്പൂര്‍ണ വിജയം: ഗുഹയില്‍ അകപ്പെട്ട 13 പേരെയും പുറം ലോകത്തെത്തിച്ചു

ബാങ്കോക്ക്: ഒടുവില്‍ ലോകം പ്രതീക്ഷയോടെ കാത്തിരുന്ന ആ ശുഭവാര്‍ത്ത വന്നെത്തി. തായ്‌ലന്റിലെ താം ലവാങ് നാം ഗുഹയില്‍ അകപ്പെട്ട ഫുട്‌ബോള്‍ ടീമിലെ 13 പേരെയും രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷിതമായി പുറം ലോകത്തെത്തിച്ചു. ഇന്ന് പരിശീലകനെയും നാല് കുട്ടികളെയുമാണ് പുറത്തെത്തിച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി എട്ട് കുട്ടികളെ പുറത്തെത്തിച്ചിരുന്നു. ഇതോടെ കഴിഞ്ഞ മൂന്ന് ദിവസങ്ങളായി തുടര്‍ന്ന മഹാദൗത്യത്ത് ശുഭകരമായ പരിസമാപ്തിയാണ് കൈവന്നിരിക്കുന്നത്.

രക്ഷപെടുത്തിയ 13 പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുറഞ്ഞത് ഒരാഴ്ചയെങ്കിലും ഇവര്‍ക്ക് ആശുപത്രിയില്‍ തുടരേണ്ടി വരുമെന്നാണ് ലഭിക്കുന്ന വിവരം. 17 ദിവസങ്ങള്‍ നീണ്ട ആശങ്കകള്‍ക്കാണ് ഇതോടെ വിരാമമായിരിക്കുന്നത്. പതിനൊന്നിനും 16 നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് ഇവര്‍. പരിശീലകന് 25 വയസാണ് പ്രായം.

ഞായറാഴ്ചയാണ് ശ്രമകരമായ ദൗത്യത്തിന് രക്ഷാപ്രവര്‍ത്തകര്‍ തുടക്കം കുറിച്ചത്. ആദ്യ ദിനം നാല് കുട്ടികളെ പുറത്തെത്തിച്ചു. രണ്ടാം ദിനമായ തിങ്കളാഴ്ചയും നാല് കുട്ടികളെ പുറത്തെത്തിച്ചു. ഒരു കുട്ടിയെ പുറത്തെത്തിക്കുന്നതിന് ഏകദേശം പതിനൊന്ന് മണിക്കൂറാണ് വേണ്ടി വന്നത്. എന്നാല്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കവെ ഇതില്‍ മാറ്റം വന്നു. അവസാനദിനത്തില്‍ ഇതിലും കുറവ് സമയം കൊണ്ടാണ് കുട്ടികളെ പുറത്തെത്തിച്ചത്.

ജൂണ്‍ 23 നാണ് വൈല്‍ഡ് ബോര്‍സ് എന്ന ഫുട്‌ബോള്‍ ടീമലെ 13 പേരടങ്ങുന്ന സംഘം ഗുഹയില്‍ അകപ്പെട്ടത്. ഗുഹ കാണാനായി കയറിയ ഇവര്‍ കനത്ത മഴയെ തുടര്‍ന്ന് അകത്ത് പെട്ടുപോവുകയായിരുന്നു. ഗുഹയ്ക്ക് വെളിയില്‍ കുട്ടികളുടെ ഷൂസും ഫുട്‌ബോളും സൈക്കിളും കണ്ടെത്തിയതോടെയാണ് ഗുഹയ്ക്കുള്ളില്‍ അകപ്പെട്ടിരിക്കാമെന്ന സംശയം ബലപ്പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇത് സ്ഥിരീകരിക്കപ്പെട്ടു. കനത്തെ മഴയില്‍ വെള്ളവും ചെളിയും ഗുഹയില്‍ നിറഞ്ഞതാണ് 13 പേരും അകത്ത് കുടുങ്ങിപ്പോകാന്‍ കാരണമായത്.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 90 മുങ്ങല്‍ വിദഗ്ധര്‍ അടങ്ങിയ സംഘമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. രക്ഷാപ്രവര്‍ത്തനത്തിനിടെ തായ്‌ലന്റ് നേവിയില്‍ നിന്ന് വിരമിച്ച ഒരു മുങ്ങല്‍ വിഗദഗ്ധന് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. സമന്‍ കുമന്‍ (38) ആണ് മരണപ്പെട്ടത്. ഗുഹയില്‍ കുടുങ്ങിയവര്‍ക്ക് ഓക്സിജന്‍ നല്‍കി തിരികെ വരുന്നതിനിടെ ഓക്സിജന്‍ തീര്‍ന്നതാണ് മരണത്തിന് കാരണമായത്.

Post a Comment

0 Comments