ബുധനാഴ്‌ച, ജൂലൈ 25, 2018
ചെന്നൈ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിത ഒരിക്കലും ഗർഭം ധരിച്ചിട്ടില്ലെന്ന് തമിഴ്നാട് സർക്കാർ കോടതിയിൽ. മദ്രാസ് ഹൈക്കോടതിയിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. ജയലളിതയുടെ മകളാണെന്ന് അവകാശപ്പെട്ട് ബംഗളൂരു സ്വദേശിനി അമൃത നൽകിയ ഹർജിയ്‌ക്കാണ് അഡ്വക്കേറ്റ് ജനറൽ വിജയ് നാരായണൻ മുഖേന സർക്കാർ മറുപടി നൽകിയത്.

ജയലളിതയുടെ സ്വത്ത് തട്ടിയെടുക്കാനുള്ള പരാതിക്കാരിയുടെ തന്ത്രമാണ് ഹർജിക്ക് പിന്നിൽ. മകളായിരുന്നെങ്കിൽ എന്തുകൊണ്ട് പരാതിക്കാരിക്ക് ജയലളിതയോടൊപ്പമുള്ള ഒരു ചിത്രം പോലും കൈവശം വയ്‌ക്കാൻ കഴിഞ്ഞില്ല എന്ന് സർക്കാർ സത്യവാങ്മൂലത്തിൽ ചോദിച്ചു.

1980 ആഗസ്ത് മാസമാണ് തന്റെ ജന്മദിനമെന്നാണ് അമൃത ഹാജരാക്കിയ രേകഖകളിലുള്ളത്. ഈ വാദം തെറ്റാണെന്ന് സ്ഥാപിക്കാൻ 1980 ജൂലായ് മാസം നടന്ന ഒരു ചലച്ചിത്ര അവാർഡ് ദാന ചടങ്ങിന്റെ വീഡിയോയും സർക്കാർ കോടതിയിൽ ഹാജരാക്കി. ആഗസ്‌തിലാണ് അമൃത ജനിച്ചതെങ്കിൽ ജൂലായ് മാസത്തിലുള്ള ജയലളിതയുടെ വീഡിയോയിൽ അക്കാര്യം വ്യക്തമാകേണ്ടല്ലേ എന്നും സത്യവാങ്മൂലത്തിൽ ചോദിക്കുന്നു.

ജയലളിതയുടെ ബന്ധുക്കൾ ജീവിച്ചിരിപ്പുണ്ടെന്നും ആവശ്യമെങ്കിൽ അമൃതയുടെ ഡി.എൻ.എ പരിശോധന നടടത്താൻ സാധിക്കുമെന്നും സർക്കാർ അറിയിച്ചു. ജയലളിത ബ്രാഹ്മണ സമുദായംഗമായതിനാൽ മൃതദേഹം പുറത്തെടുത്ത് ബ്രാഹ്മണ ആചാരപ്രകാരം സംസ്‌ക്കരിക്കാൻ അനുവദിക്കണമെന്നും ഡി.എൻ.എ പരിശോധന നടത്തണമെന്നും അമൃത ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. ഹർജി പരിഗണിച്ച ജസ്റ്റിസ് വൈദ്യനാഥൻ കേസ് അടുത്തയാഴ്ചത്തേക്ക് മാറ്റിവച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ