ഞായറാഴ്‌ച, ഓഗസ്റ്റ് 05, 2018
ന്യൂഡല്‍ഹി: 72ാം സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ അടുത്തുവരുന്നതിനിടെ രാജ്യതലസ്ഥാനത്ത് ഭീകരര്‍ കടന്നുകൂടിയതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇസ്മയീല്‍ എന്ന മുഹമ്മദ് ഇബ്രാഹിം ഡല്‍ഹിയില്‍ എത്തിയിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. ജയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹറിന്റെ സഹോദരന്‍ മുഫ്തി അബ്ദുള്‍ റൗഫ് അസ്ഘറിന്റെ മുന്‍ അംഗരക്ഷകനാണിയാള്‍.

ഇന്റലിജന്‍സിന്റെ രഹസ്യ വിവരത്തെത്തുടര്‍ന്ന് ഡല്‍ഹില്‍ സുരക്ഷ ശക്തമാക്കി. നേരത്തെയും ഓഗസ്റ്റ് 15ന് ഇത്തരത്തില്‍ മുന്നറിയിപ്പുകള്‍ നല്‍കാറുണ്ടെങ്കില്‍ ഇത്തരത്തില്‍ കൃത്യമായ വിവരങ്ങള്‍ ലഭിക്കാറില്ല. അതിനാല്‍ തന്നെ ശക്തമായ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ആക്രമണ പദ്ധതി ആസൂത്രണം ചെയ്തതിനു ശേഷം ഇവര്‍ക്ക് പ്രത്യേക പരിശീലനം ലഭിച്ചിരുന്നതായും രഹസ്യാന്വേഷണ വൃത്തങ്ങള്‍ വെളിപ്പെടുത്തി. മെയ് ആദ്യ വാരത്തിലാണ് ഇബ്രാഹിം ജമ്മുകശ്മീരിലേക്ക് നുഴഞ്ഞുകയറിയത്. പിന്നീട് ഡല്‍ഹിയിലേക്ക് കടക്കുകയായിരുന്നു.

ജയ്ഷെ മുഹമ്മദിലെ മറ്റൊരു സീനിയര്‍ കേഡറായ മുഹമ്മദ് ഉമറും ഇബ്രാഹിമിനൊപ്പം ഡല്‍ഹിയില്‍ 'ഫിദായീന്‍ ആക്രമണം' നടത്താന്‍ പദ്ധതിയിടുന്നതായാണ് രഹസ്യന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന റിപ്പോര്‍ട്ട്.

കശ്മീരിലുള്ള തങ്ങളുടെ പ്രവര്‍ത്തകരോട് ഡല്‍ഹിയിലേക്ക് നുഴഞ്ഞുകയറാന്‍ ജയ്ഷെ മുഹമ്മദ് ഭീകര സംഘടന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ