കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കാണിയൂര്‍ പാതക്കായി കാഞ്ഞങ്ങാട് നിന്നും പാണത്തൂര്‍ വരെ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി.
ഇന്നലെ രാവിലെ ചേര്‍ന്ന മന്ത്രിസഭായോഗമാണ് പാതക്കായി ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചതായി റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ കാഞ്ഞങ്ങാട് വികസന സമിതി ജനറല്‍ കണ്‍വീനര്‍ സി യൂസഫ് ഹാജിയെ അറിയിച്ചു. നേരത്തേ സര്‍വ്വേ ഉള്‍പ്പെടെയുള്ള പ്രാഥമിക നടപടികള്‍ക്കായി 20 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കാന്‍ ഉത്തരവിട്ടതോടു കൂടി തുടര്‍ നടപടികള്‍ക്ക് വേഗതയേറും.
നേരത്തേ തന്നെ ഭൂമി ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് കാണിച്ച് സംസ്ഥാന സര്‍ക്കാര്‍ റെയില്‍വേക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ മന്ത്രിസഭാ അനുമതി ലഭിച്ചാല്‍ മാത്രമേ റെയില്‍വേക്ക് മറ്റു നടപടികളിലേക്ക് കടക്കാന്‍ കഴിയുമായിരുന്നുള്ളൂ. മന്ത്രിസഭാ അംഗീകാരം ആയതോടുകൂടി ആ കടമ്പയും കടന്നു.
മന്ത്രിസഭാ തീരുമാനം ഇനി ചെന്നൈ ഡിവിഷന്‍ ജനറല്‍ മാനേജര്‍ക്ക് കൈമാറും. ഇതോടെ കാണിയൂര്‍പാത റെയില്‍വേ ബഡ്ജറ്റില്‍ അവതരിപ്പിക്കാനായി കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിക്കും. ഇതോടെ നിര്‍മ്മാണത്തിനായുള്ള മറ്റു നടപടികളും ആരംഭിക്കും. പാതയുടെ സര്‍വ്വേ നടപടികള്‍ നേരത്തേ തന്നെ പൂര്‍ത്തിയാക്കി എസ്റ്റിമേറ്റ് റെയില്‍വേക്ക് സമര്‍പ്പിച്ചിരുന്നു. കാഞ്ഞങ്ങാട്പാണത്തൂര്‍ പാതയുടെ നിര്‍മ്മാണത്തിന്റെ അമ്പതുശതമാനം സംസ്ഥാന സര്‍ക്കാര്‍ വഹിക്കാമെന്നും റെയില്‍വേയെ അറിയിച്ചിട്ടുണ്ട്.
0 Comments