ഇടുക്കി: മൂന്നാറില്‍ നീലക്കുറിഞ്ഞി വസന്തം ആസ്വദിക്കാനെത്തുന്നവരുടെ തിരക്കില്‍ വലഞ്ഞ് പട്ടണം. നീലക്കുറിഞ്ഞി സീസണ്‍ ആരംഭിച്ചതോടെ മൂന്നാറിലേക്ക് സന്ദര്‍ശകരുടെ കുത്തൊഴുക്കാണ്. ഒരാഴ്ചക്കിടെ കൊലുക്കുമലയും രാജമലയും സന്ദര്‍ശിച്ചത് 30000 പേര്‍. തിരക്ക് വര്‍ദ്ധിച്ചതോടെ കൂടുതല്‍ സൗകര്യമൊരുക്കുന്നതിന്റെ തിരക്കിലാണ് ഡിറ്റിപിസിയും വനപാലകരും. ഒരു പതിറ്റാണ്ടിലധികമുള്ള കാത്തിരുപ്പിന് ശേഷം എത്തിയ കുറിഞ്ഞി വസന്തം പ്രളയക്കെടുതിയില്‍ മുങ്ങിപ്പോയെങ്കിലും റോഡ് ഗതാഗതമടക്കം പുനസ്ഥാപിച്ചതോടെ സഞ്ചാരികളുടെ കടന്നുവരവില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
മൂന്നാര്‍ രാജമലയില്‍ പുലര്‍ച്ചെ തുടങ്ങുന്ന ക്യു വൈകുന്നേരവും തുടരുന്നു. യുവാക്കള്‍ ഏറ്റവും അധികം സന്ദര്‍ശനത്തിനെത്തുന്നത് കൊളുക്കുമലയായതിനാല്‍ ഇവിടെയും വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. പ്രകൃതി മനോഹാരിതയുടെ നടുവില്‍ കേരളാ തമിഴ്നാട് അതിര്‍ത്തി മലനിരയായ സമുദ്ര നിരപ്പില്‍ നിന്നും എണ്ണായിരം അടി ഉയരത്തില്‍ നില്‍ക്കുന്ന ഇവിടുത്തെ നീലക്കുറിഞ്ഞി കാണുന്നതിന് സന്ദര്‍ശകരുടെ തിരക്ക് വര്‍ധിച്ചതോടെ സവാരി ജീപ്പുകളുടെ എണ്ണം തികയാത്ത അവസ്ഥയാണ്.
ഇതേതുടര്‍ന്ന് ഡിറ്റിപിസി സൂര്യനെല്ലിയിലെ ടിക്കറ്റ് കൗണ്ടറില്‍ ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തി. സന്ദര്‍ശകരുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ബുക്കിംഗിനു സൗകര്യമൊരുക്കുമെന്നും ജീവനക്കാര്‍ പറഞ്ഞു. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി പ്രകൃതി മനോഹാരിത ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ കൊളുക്കുമല തേടിയെത്തിയതോടെ ശൗചാലയമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. വാഹനങ്ങളുടെ പാര്‍ക്കിംഗിന് വേണ്ട സൗകര്യവുമില്ല. ഇത് സന്ദര്‍ശകര്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. രാജമലയിലേക്കുള്ള ടിക്കറ്റ് കൗണ്ടര്‍ പഴയ മൂന്നാറിലെ ഹൈ ആള്‍ട്ടിട്ട്യൂഡ് ട്രൈനിങ്ങ് സെന്ററിലാണ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ഇവിടെ സന്ദര്‍ശകര്‍ക്ക് അല്പനേരം വിശ്രമിക്കുന്നതിനോ ഇരിക്കുന്നതിനോ പോലും സൗകര്യമില്ല. ക്യുവില്‍ നില്‍ക്കുന്നവര്‍ വെയിലും മഴയും കൊണ്ട് മണിക്കൂറുകളാണ് ' പ്രവേശന ടിക്കറ്റിനായി നില്‍ക്കുന്നത്.
ടിക്കറ്റ് വാങ്ങുന്നവര്‍ സ്വന്തം വാഹനം അവിടെ നിര്‍ത്തി മറ്റൊരു വാഹനത്തില്‍ 25 രൂപ മുടക്കി അഞ്ചാം മൈയിലെത്തി അവിടെ നിന്ന് വനം വകുപ്പിന്റെ വാഹനത്തില്‍ വേണം പാര്‍ക്കിലെത്താന്‍. അതായത് പാര്‍ക്കിലെത്താന്‍ സന്ദര്‍ശകര്‍ക്ക് ഒരു ദിവസം മൂന്ന് വാഹനങ്ങള്‍ മാറികയറണം. നിലവില്‍ ടിക്കറ്റ് കൗണ്ടറും അടിസ്ഥാന സൗകര്യങ്ങളും രാജമലയില്‍ ഒരുക്കിയിട്ടുണ്ടെങ്കിലും ഗതാഗതക്കുരുക്കിന്റെ പേരില്‍ ഒഴിവാക്കിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. വര്‍ഷങ്ങളായി സന്ദര്‍ശകര്‍ സ്വന്തം വാഹനത്തില്‍ രാജമലയിലെത്തി അവിടെ നിന്നും വനംവകുപ്പിന്റെ വാഹനത്തില്‍ പാര്‍ക്ക് സന്ദര്‍ശിക്കുകയാണ് ചെയ്തിരുന്നത്. എന്നാല്‍ ജില്ലാ കളക്ടറുടെ ട്രാഫിക്ക് പരിഷ്‌കാരമാണ് സന്ദര്‍ശകര്‍ക്ക് തിരിച്ചടിയായിരിക്കുന്നത്.
0 Comments