ശബരിമല സന്ദര്‍ശനം: രഹ്ന ഫാത്തിമയ്‌ക്കെതിരെ ബി.എസ്.എന്‍.എല്‍ അന്വേഷണത്തിന് ഉത്തരവിട്ടു

ശബരിമല സന്ദര്‍ശനം: രഹ്ന ഫാത്തിമയ്‌ക്കെതിരെ ബി.എസ്.എന്‍.എല്‍ അന്വേഷണത്തിന് ഉത്തരവിട്ടു

കൊച്ചി: സുപ്രീം കോടതി വിധിയെതുടര്‍ന്ന് ശബരിമല കയറാനെത്തിയ രഹ്ന ഫാത്തിമയ്‌ക്കെതിരെ ബി.എസ്.എന്‍.എല്‍ അന്വേഷണം ആരംഭിച്ചു. ബി.എസ്.എന്‍.എല്‍ ജീവനക്കാരിയാണ് രഹ്ന. ശബരിമല കയറ്റ ശ്രമം വലിയ പ്രതിഷേധങ്ങളാണ് സന്നിധാനത്ത് ഉണ്ടാക്കിയത്. ഇവരുടെ ശബരിമല കയറ്റം നിരവധി സ്ഥലത്ത് പ്രതിഷേധങ്ങള്‍ക്ക് തുടക്കം കുറിച്ചു. പോലീസ് സുരക്ഷയില്‍ ഇരുമുടിക്കെട്ടുമായി എത്തിയ രഹ്നയെ പ്രതിഷേധക്കാര്‍ തിരിച്ചായിക്കുകയായിരുന്നു. ബി.എസ്.എന്‍.എലിന്റെ കേരള ചുമതലയുള്ള പി.ടി മാത്യുവാണ് അന്വേഷണം നടത്തുന്നത്. ബിഎസ്എന്‍എല്‍ ജീവനക്കാരി മനഃപൂര്‍വം പ്രശ്‌നം ഉണ്ടാക്കാന്‍ ശ്രമിച്ചതായി തെളിഞ്ഞാല്‍ സസ്‌പെന്റ് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

അക്ടിവിസ്റ്റുകള്‍ക്ക് ശക്തിതെളിയിക്കാനുള്ള സ്ഥലമല്ല ശബരിമലയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയായ കവിതയോടൊപ്പമാണ് രഹ്ന മലചവിട്ടാനെത്തിയത്. കവിത റിപ്പോര്‍ട്ടിംഗിനാണ് എത്തിയതെന്നാണ് അറിയിച്ചത്. താന്‍ വിശ്വാസിയാണെന്നും ഇക്കാര്യം വേറെ ആരും പറയേണ്ടെന്നും തനിക്കും തന്റെ കുടുംബത്തിനും പോലീസ് സുരക്ഷ ഒരുക്കണമെന്നും രഹ്ന ഫാത്തിമ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനിടെ രഹ്നയുടെ കൊച്ചിയിലെ വീടിനു നേരെ ആക്രമണം ഉണ്ടായി.

അതേസമയം ശബരിമല പ്രവേശനത്തിനെത്തിയ കവിതയ്ക്ക് പോലീസ് ജാക്കറ്റും ഹെല്‍മറ്റും നല്‍കിയ സംഭവത്തില്‍ ഐജി ശ്രീജിത്തിനെതിരെ കേസ് എടുക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

Post a Comment

0 Comments