ന്യൂഡൽഹി: രാജ്യത്ത് പടക്കങ്ങളും വെടിമരുന്ന് ഉൽപന്നങ്ങളും നിരോധിക്കുന്നത് സംബന്ധിച്ച് സുപ്രീംകോടതി ഇന്ന് വിധി പുറപ്പെടുവിച്ചേക്കും. ജസ്റ്റിസുമാരായ എ.കെ സിക്രിയും അശോക് ഭൂഷണും അടങ്ങിയ ബെഞ്ചാണ് വിധി പറയുക.
ഡൽഹിയിൽ മലിനീകരണത്തിന്റെ തോത് അങ്ങേയറ്റം ഉയർന്നതിന്റെ കൂടി പശ്ചാത്തലത്തിൽവന്ന ഹർജിയിലാണ് ഇന്ന് തീർപ്പ് കൽപിക്കുക. ദേശീയ തലസ്ഥാന മേഖലയിൽ കഴിഞ്ഞവർഷം പടക്കങ്ങളും മറ്റും നിരോധിച്ചിരുന്നു. എന്നാൽ ഇത് നടപ്പാക്കുകയുണ്ടായില്ല. ഇക്കാരണത്താലാണ് രാജ്യമെമ്പാടും നിരോധനം വേണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത്. മറ്റിടങ്ങളിൽ ഉൽപാദിപ്പിച്ച പടക്കങ്ങൾ തലസ്ഥാനമേഖലയിലേക്ക് വരുന്നത് തടയുകയും ഇതിന്റെ ലക്ഷ്യമാണ്.
പൊതുജനാരോഗ്യം മുൻനിർത്തി ഇതിൽ തീരുമാനമെടുക്കണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം. വളർച്ചയ്ക്കും വികസനത്തിനും ശുദ്ധവായു അത്യാവശ്യഘടകമാണെന്നും ഹർജിയിൽ പറയുന്നുണ്ട്. എന്നാൽ പൂർണമായ പടക്കനിരോധനം പാടില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. ആയിരക്കണക്കിനാളുകളുടെ ജീവനോപാധിയാണ് ഇല്ലാതാവുക. മലിനീകരണത്തിനു കാരണം ദീപാവലിക്കാലത്തെ പടക്കം പൊട്ടിക്കൽ മാത്രമല്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. ഈയൊരു കാരണത്തിന്റെ പേരിൽ ഒരു വ്യവസായത്തെ മൊത്തം ഇല്ലായ്മ ചെയ്യാനാകില്ലെന്നും കേന്ദ്രം നിലപാട് വ്യക്തമാക്കുന്നു.
2016ൽ ദേശീയ തലസ്ഥാന മേഖലയിൽ പടക്കങ്ങൾ നിരോധിക്കുന്നവേളയിൽ, കുട്ടികളിലുണ്ടാകുന്ന ശ്വാസകോശരോഗങ്ങൾ കൂടുകയാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. ദീപാവലിക്കാലത്തിനു ശേഷം അന്തരീക്ഷത്തിലെ മലിനീകരണം കൂടുന്നത് വർഷാവർഷം അധികരിക്കുകയാണെന്നും കോടതി കണക്കുകളിൽ നിന്നും മനസിലാക്കി. എങ്കിലും കഴിഞ്ഞവർഷം സെപ്തംബറിൽ ഈ നിരോധനത്തിന് താൽക്കാലികമായ ഇളവ് നൽകിയിരുന്നു. ആയിരങ്ങളുടെ ജീവനോപാധി നഷ്ടപ്പെടുന്നു എന്നതു തന്നെയായിരുന്നു കാരണം. എന്നാൽ ഇതിനെക്കാൾ പ്രധാനം ജനങ്ങളുടെ ആരോഗ്യമാണെന്നാണ് ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നത്.
0 Comments