കോഴിക്കോട്: മന്ത്രി കെ ടി ജലീലിനെതിരായ ബന്ധു നിയമന വിവാദം ശക്തമാക്കി യൂത്ത് ലീഗ്. നിയമനത്തെ ന്യായീകരിക്കാൻ മന്ത്രി പറയുന്ന വാദങ്ങൾ കുറ്റസമ്മതമാണെന്നാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് പറഞ്ഞു. മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി ഗവർണറെ കാണുമെന്നും ഫിറോസ് പറഞ്ഞു. പരിചയസമ്പത്തുള്ളയാളെ വേണമെന്ന അടിസ്ഥാനത്തിലാണ് നിയമനം നടത്തിയതെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.
ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷന്റെ മെച്ചപ്പെട്ട പ്രവർത്തനം മാത്രം ലക്ഷ്യമാക്കിയാണു കെ.ടി. അദീബിനു ജനറൽ മാനേജരായി ഡപ്യൂട്ടേഷൻ നിയമനം നൽകിയതെന്നായിരുന്നു മന്ത്രി കെ.ടി. ജലീലിന്റെ ഫേസ്ബുക് പോസ്റ്റ്. അഭിമുഖത്തിന് വന്ന മൂന്നുപേരും യോഗ്യതയില്ലാത്തവരായിരുന്നു. ഇക്കാരണത്താൽ ബന്ധുവിനെ അങ്ങോട്ടു വിളിച്ചു നിയമിക്കുകയായിരുന്നു. എന്നാൽ ബന്ധുനിയമനത്തിൽ മന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ് കുറ്റസമ്മതമൊഴിയാണെന്നാണ് യൂത്ത് ലീഗിന്റെ ആരോപണം.
ആരെയും ലഭിക്കാത്ത സാഹചര്യത്തിലാണ് ബന്ധുവിന് നിയമനം നൽകിയതെന്ന മന്ത്രിയുടെ വാദം ശരിയല്ല. യോഗ്യരായ ആളെ കിട്ടിയില്ലെങ്കിൽ വീണ്ടും വിഞ്ജാപനം ഇറക്കുകയാണ് വേണ്ടത്. എംബിഎ വേണ്ടിടത്ത് ബി ടെക്കും പിജി ടിബിഎയും മാത്രമാണ് അദീപിന്റെ യോഗ്യത. എങ്ങനെയാണ് സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനെ ഡെപ്യൂട്ടേഷനിൽ കൊണ്ടുവരിക എന്ന ചോദ്യവും യൂത്ത് ലീഗ് ഉയർത്തുന്നുണ്ട്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനതലത്തിൽ വ്യാപക പ്രതിഷേധം തുടങ്ങാനാണ് യൂത്ത് ലീഗിന്റെ തീരുമാനം.
0 Comments