കോഴിക്കോട്: ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെതിരെ തെളിവുകള്‍ പുറത്തുവിട്ട് യൂത്ത്‌ലീഗ് നേതാവ് പി.കെ ഫിറോസ്.
മുഖ്യമന്ത്രിയെ പോലും തെറ്റിദ്ധരിപ്പിച്ചാണ് ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജരായി ബന്ധുവായ അദീബിനെ നിയമിച്ചുള്ള ഉത്തരവിറക്കിയതെന്നും ഫിറോസ് ആരോപിച്ചു. ഇതിനായി മന്ത്രി എഴുതിയ കുറിപ്പും അദ്ദേഹം പത്രസമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകര്‍ക്കു നല്‍കി.
ബന്ധുനിയമനത്തിനായി മന്ത്രി കെ.ടി ജലീല്‍ ആദ്യം ഫയല്‍ കൈമാറിയത് സാമൂഹ്യക്ഷേമ വകുപ്പ് സെക്രട്ടറി എ. ഷാജഹാനാണ്. എന്നാല്‍ ജനറല്‍ മാനേജര്‍ നിയമനത്തിനുള്ള യോഗ്യതയായ എം.ബി.എ മാറ്റി പി.ജി.ഡി.ബി.എയും ബി.ടെക്കും ആക്കുന്നതിന് ധനവകുപ്പിന്റെ അനുമതി വേണമെന്നും അതിനായി മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് വിടണമെന്നും ആവശ്യപ്പെട്ടുള്ള കുറിപ്പെഴുതി എ.ഷാജഹാന്‍ ഫയല്‍ മടക്കി. തൊട്ടടുത്ത ദിവസം(4-8-2016) മന്ത്രി ഈ ഫയല്‍ നേരിട്ട് മുഖ്യമന്ത്രിക്ക് കൈമാറി. പുറംകാരാര്‍ തസ്തികയിലെ നിയമനം മാത്രമാണ് മന്ത്രിസഭയ്ക്ക് വിടേണ്ടതെന്നും അധിക യോഗ്യത ചേര്‍ക്കുന്നതിന് മന്ത്രിസഭയുടെ അനുമതി വേണ്ടെന്നുമാണ് മന്ത്രിയുടെ കുറിപ്പിലുണ്ടായിരുന്നത്. മന്ത്രിയുടെ ഈ കുറിപ്പ് പരിഗണിച്ച് മുഖ്യമന്ത്രി ഫയലില്‍ ഒപ്പിട്ടു. തുടര്‍ന്ന് യോഗ്യത മാറ്റിയുള്ള ഉത്തരവിറക്കിയത് എ ഷാജഹാന്‍ ഐ.എ.എസാണ്. അതേസമയം ഖണ്ഡിക ആറിലെ കുറിപ്പ് പ്രകാരമാണ് ഉത്തരവെന്ന് വകുപ്പ് സെക്രട്ടറി രേഖപ്പെടുത്തുകയും ചെയ്തു. ഖണ്ഡിക ആറ് എന്നത് മന്ത്രി കെ.ടി ജലീല്‍ എഴുതിയ കുറിപ്പാണെന്നും ഫിറോസ് വ്യക്തമാക്കി.
മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണോ ഇത്തരമൊരു ഉത്തരവ് ഇറക്കിയതെന്ന് വ്യക്തമാക്കണം. മുഖ്യമന്ത്രി അറിയാതെ ആണെങ്കില്‍ മന്ത്രിക്കെതിരെ നടപടി എടുക്കണം. മുഖ്യമന്ത്രിയെ മന്ത്രി കബളിപ്പിച്ചതാണെങ്കില്‍ മന്ത്രിയെ പുറത്താക്കാന്‍ തയാറാകണമെന്നും ഫിറോസ് ആവശ്യപ്പെട്ടു. സി.പി.എമ്മിലെ മുതിര്‍ന്ന നേതാവായ ഇ.പി ജയരാജനെ പേടിക്കാത്ത മുഖ്യമന്ത്രി എന്തിനാണ് കെ.ടി ജലീലിനെ പേടിക്കുന്നത്. സ്വന്തമായി ഒരു രാഷ്ട്രീയ പാര്‍ട്ടി പോലും ഇല്ലാത്ത ജലീലിന് സംരക്ഷണം ഒരുക്കുന്നത് എന്തിനെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. മുഖ്യമന്ത്രിയുടെ പിന്തുണയുണ്ടെന്ന് ജലീലും പറഞ്ഞിട്ടുണ്ട്. ഇക്കാര്യം വിശദീകരിക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും പി.കെ ഫിറോസ് ആവശ്യപ്പെട്ടു.
ജനറല്‍ മാനേജര്‍ നിയമനത്തിനുള്ള യോഗ്യത ഉയര്‍ത്തുന്നു എന്നാണ് ജലീല്‍ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചത്. എന്നാല്‍ മന്ത്രി അടിസ്ഥാന യോഗ്യതയില്‍ മാറ്റം വരുത്തുകയായിരുന്നു. എം.ബി.എ എന്ന മാസ്‌റ്റേഴ്‌സ് ഡിഗ്രി പി.ജി.ഡി.ബി.എ എന്ന ഡിപ്ലോമയാക്കി മാറ്റി. ഫയല്‍ മന്ത്രിസഭയില്‍ എത്തിയാല്‍ നിയമനം നടക്കില്ലെന്നു ബോധ്യമായതു കൊണ്ടാണ് കുറുക്കുവഴി തേടിയത്. മന്ത്രിസഭ നിശ്ചയിച്ച യോഗ്യത മന്ത്രി നേരിട്ട് തിരുത്തുകയായിരുന്നെന്നും ഫിറോസ് പറഞ്ഞു.
2013 ലെ മന്ത്രിസഭാ തീരുമാനപ്രകാരമാണ് ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനിലെ ജനറല്‍ മാനേജര്‍ തസ്തികയ്ക്ക് യോഗ്യത നിശ്ചയിച്ചത്. അതില്‍ അധിക വിദ്യാഭ്യാസ യോഗ്യത ചോര്‍ത്താല്‍ പോളിസി മാറില്ല. താഴ്ന്ന വിദ്യാഭ്യാസ യോഗ്യതയിലേക്ക് മാറുമ്പോള്‍ പോളിസി മാറും. അതിന് കാബിനറ്റിന്റെ അനുമതി വേണം. തന്റെ ബന്ധുവിനെ ജനറല്‍ മാനേജര്‍ തസ്തികയില്‍ നിയമിക്കണമെന്ന മന്ത്രിയുടെ വാശിയാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നതെന്നും ഫിറോസ് ആരോപിച്ചു.
ബന്ധു നിയമനത്തില്‍ മന്ത്രി നേരിട്ട് ഇടപെട്ടതിന്റെ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. അദീബ് രാജി വയ്ക്കുന്നത് അവരുടെ കുടുംബകാര്യമാണ്. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന മന്ത്രി രാജിവച്ച് അന്വേഷണം നേരിടണം. സംവാദത്തിന് തയാറാകാത്തത് തെളിവുകള്‍ ഞങ്ങള്‍ക്ക് കിട്ടിയെന്ന് അറിഞ്ഞതുകൊണ്ടാണ്. അല്ലെങ്കില്‍ വിജിലന്‍സിന് ഞങ്ങള്‍ കൊടുത്ത പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിടാന്‍ ജലീല്‍ തയാറാകണമെന്നും ഫിറോസ്
ആവശ്യപ്പെട്ടു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ