വെള്ളിയാഴ്‌ച, നവംബർ 16, 2018
ശബരിമല ദര്‍ശനത്തിനായി കൊച്ചി വിമാനത്താവളത്തിലെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയുടെ സുരക്ഷയുടെ കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ശബരിമല ഡ്യൂട്ടിയിലുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ച് തീരുമാനിക്കും. കാര്യങ്ങള്‍ വിലയിരുത്തിയ ശേഷം പ്രതികരിക്കാമെന്നും ഡിജിപി അറിയിച്ചു.

അതേസമയം പുലര്‍ച്ചെ 4.45 ന് വിമാനത്താവളത്തിലെത്തിയ തൃപ്തി ദേശായിക്ക് സുരക്ഷ ഒരുക്കുന്ന കാര്യത്തില്‍ അന്തിമതീരുമാനമെടുക്കാന്‍ പോലും പൊലീസിന് സാധിച്ചിട്ടില്ല. സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമല ദര്‍ശനത്തിന് എത്തുന്ന യുവതികള്‍ക്ക് സംരക്ഷണം ഒരുങ്ങുമെന്ന് മുഖ്യമന്ത്രി ഉള്‍പ്പെടയുള്ളവര്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടും തീരുമാനമെടുക്കാന്‍ സാധിക്കാതെ പൊലീസും സര്‍ക്കാരും വലയുകയാണ്.

ബിജെപിയുടെ നേതൃത്വത്തില്‍ വന്‍സംഘമാണ് നാമജപ പ്രതിഷേധവുമായി വിമാനത്താവളത്തിനു പുറത്ത് നില്‍ക്കുന്നത്. ടാക്സിക്കാരും ഓണ്‍ലൈന്‍ ടാക്സിക്കാരും തൃപ്തിയെ കൊണ്ടു പോകാന്‍ സാധിക്കില്ലെന്ന് അറിയിച്ചു. ഇവരെ കൊണ്ടു പോയാല്‍ പ്രതിഷേധക്കാരുടെ ആക്രമണത്തിന് ഇരയാകുമെന്ന ഭയമാണ് ടാക്സിക്കാരെ അലട്ടുന്നത്.

പക്ഷെ എന്തു വന്നാലും പിന്നോട്ടില്ലെന്നാണ് തൃപ്തിയുടെ നിലപാട്. ദര്‍ശനം നടത്താതെ മടങ്ങില്ല. കൊച്ചിയില്‍ പോലും തന്റെ സഞ്ചാര സ്വാതന്ത്ര്യം തടയുന്നത് ദൗര്‍ഭാഗ്യകരം. വിമാനത്താവളത്തിന് പുറത്ത് ഗുണ്ടായിസമാണെന്നും തൃപ്തി കൂട്ടിച്ചേര്‍ത്തു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ