വ്യാഴാഴ്‌ച, നവംബർ 22, 2018
അഴീക്കോട് എം.എല്‍.എ, കെ.എം ഷാജിയ്ക്ക് നിയമസഭാ നടപടികളില്‍ സംബന്ധിക്കാമെന്ന് സുപ്രീം കോടതി. എന്നാല്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റാനാവില്ലെന്നും കോടതി വ്യക്തമാക്കി. വാക്കാലുള്ള നിരീക്ഷണങ്ങള്‍ മാത്രമാണ് നടത്തിയത്. ഇതുസംബന്ധിച്ച് ഉത്തരവൊന്നും ഇറക്കിയിട്ടില്ല. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്.

ഹൈക്കോടതി വിധിക്കെതിരായ ഹരജി അടിയന്തരമായി പരിഗണിച്ച് പരിഹാരം കാണണമെന്നാണ് ഷാജിയുടെ അഭിഭാഷകന്‍ ഇന്നു രാവിലെ ആവശ്യപ്പെട്ടത്. എന്നാല്‍ അടിയന്തരമായി കേസ് പരിഗണിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. കേസ് എന്നാണ് പരിഗണിക്കുകയെന്നും വ്യക്തമാക്കിയിട്ടില്ല.

ഹൈക്കോടതി വിധിക്ക് ഇടക്കാല സ്റ്റേ വേണമെന്നാവശ്യപ്പെട്ടാണ് ഷാജി സുപ്രീം കോടതിയെ സമീപിച്ചത്. നിയമസഭാ സമ്മേളനം 27 ന് തുടങ്ങാനിരിക്കുന്ന സാഹചര്യത്തിലായിരുന്നു ഇത്. അഴീക്കോട് നിയമസഭാ മണ്ഡലത്തിലെ കെ.എം. ഷാജിയുടെ തിരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കിയിരുന്നു. കെ.എം ഷാജിക്ക് അയോഗ്യത കല്‍പ്പിച്ച വിധിക്ക് ഹൈക്കോടതി തന്നെ നല്‍കിയ താത്കാലിക സ്റ്റേ നാളെ അവസാനിക്കുകയാണ്. അതിനുശേഷമുള്ള സ്ഥിതി എന്തായിരിക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടില്ല.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ