തിങ്കളാഴ്‌ച, ജനുവരി 14, 2019
ബോവിക്കാനം: വര്‍ഷങ്ങളായി അനിശ്ചിതത്വത്തിലായിരുന്ന ബാവിക്കര കുടിവെള്ളപദ്ധതിയുടെ കോണ്‍ക്രീറ്റ് പ്രവൃത്തിക്ക് ഇന്നലെ തുടക്കമായി. ചന്ദ്രഗിരിപ്പുഴയുടെ ഏറ്റവും ആഴം കൂടിയ ഭാഗത്തു നിന്നാണ് കോണ്‍ക്രീറ്റ് പ്രവൃത്തി ആരംഭിച്ചത്. കെ കുഞ്ഞിരാമന്‍ എം എല്‍ എ ജെസിബിയില്‍ താഴ്ചയിലേക്കിറങ്ങി പ്രവൃത്തിക്ക് തുടക്കം കുറിച്ചു. പദ്ധതിയുടെ കരാര്‍ മൂന്നാമതായി ഏറ്റെടുത്ത ചട്ടഞ്ചാലിലെ ജാസ്മിന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് സൈറ്റ് കൈമാറി രണ്ടു മാസത്തിനകം റെക്കോഡ് വേഗത്തില്‍ കോണ്‍ക്രീറ്റ് പ്രവൃത്തിയും ആരംഭിച്ചത്.
പുഴയുടെ ആഴം കൂടിയ ഭാഗത്തെ പ്രവൃത്തി ഉപേക്ഷിച്ചാണ് മുമ്പ് പ്രവൃത്തി ഏറ്റെടുത്ത കരാറുകാരന്‍ പിന്മാറിയത്. ഇതോടെയാണ് പദ്ധതി അനിശ്ചിതത്വത്തിലായത്. 12 വര്‍ഷമായി ഇഴഞ്ഞു നീങ്ങിയ പദ്ധതി ഒടുവില്‍ ജാസ്മിന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയെ ഏല്‍പ്പിക്കുകയായിരുന്നു.
ആഴം കൂടിയ ഭാഗത്തേക്ക് പോകുന്നതിനായി പുതുതായി റോഡ് നിര്‍മ്മിച്ച് പുഴയില്‍ ആഴത്തില്‍ ഷീല്‍ഡ് പ്ലേറ്റ് അടിച്ചിറക്കി മണ്ണിട്ട് തടയണ നിര്‍മ്മിച്ച് വെള്ളം തടഞ്ഞാണ് കോണ്‍ക്രീറ്റ് പ്രവൃത്തി ആരംഭിച്ചത്. വിദഗ്ധ തൊഴിലാളികളെ വെച്ച് ആധുനിക സംവിധാനങ്ങളുടെ സഹായത്തിലാണ് പ്രവൃത്തി നടക്കുന്നത്. പുതിയ നിര്‍മ്മാണ ഉപകരണങ്ങളുടെ സഹായത്തോടെയുള്ള പ്രവൃത്തി കാണാന്‍ തദ്ദേശവാസികളുടെ തിരക്കാണ് പദ്ധതി പ്രദേശത്ത് സദാസമയമുള്ളത്.
കാസര്‍ഗോഡ് നഗരമടക്കം മറ്റു പ്രദേശങ്ങളിലേക്ക് കുടിവെള്ളമെത്തിക്കാനുള്ള ഈ പദ്ധതി കൊണ്ട് പ്രദേശ വാസികള്‍ക്കു കൂടി പ്രയോജനമുണ്ടാകണമെന്ന ലക്ഷ്യം മുന്‍നിര്‍ത്തി തടയണയോടൊപ്പം  ട്രാക്ടര്‍ വേ നിര്‍മ്മിക്കാനും അനുമതി ലഭിച്ചതായി കെ കുഞ്ഞിരാമന്‍ എംഎല്‍എ പറഞ്ഞു. ട്രാക്ടര്‍വേയുടെ പ്രാഥമിക നടപടികള്‍ക്കായി ആറു ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.  ട്രാക്ടര്‍ വേ നിര്‍മ്മാണം തടയണയോടൊപ്പം ഇതേ കരാറുകാരെ വെച്ച് പൂര്‍ത്തിയാക്കാനാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്. ഇക്കാര്യത്തിലും വൈകാതെ തിരുമാനമുണ്ടാകുമെന്ന് എം എല്‍ എ പറഞ്ഞു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ