കാസര്‍കോട്: സമൂഹത്തെ നയിക്കേണ്ട നാളെയുടെ വാഗ്ദാനങ്ങളായ കുട്ടികള്‍ സ്വന്തം കുടുംബത്തില്‍ നിന്നു പോലും അതിക്രമങ്ങള്‍ നേരിടുന്നത് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇത്തരം പ്രവണതകളെ തടയാനും ശിശു സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സമൂഹത്തെ ബോധവത്കരിക്കാനും ജില്ലയില്‍ വിപുലമായ സാമൂഹ്യ ബോധവത്കരണ ക്യാംപെയിന് തുടക്കമായി. ബോധവത്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ.പി പി ശ്യാമളാദേവി ഉദ്ഘാടനം ചെയ്തു. ലോക രക്ഷാകര്‍തൃ ദിനമായ ജൂണ്‍ ഒന്ന് മുതല്‍ നവംബര്‍ 14 വരെ സംഘടിപ്പിക്കുന്ന ബൃഹത്തായ സാമൂഹിക ബോധവത്കരണ പരിപാടി വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് നടത്തുന്നത്. കൂട്ടു കുടുംബ വ്യവസ്ഥയില്‍ പരമ്പരാഗതമായി ശീലിച്ചു വന്ന രക്ഷാകര്‍തൃത്വ പ്രക്രിയകള്‍ ഇന്നത്തെ അണുകുടുംബ സാഹചര്യത്തില്‍ പുതിയതലത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നുവെന്ന് പി പി ശ്യാമളാ ദേവി പറഞ്ഞു. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ഇന്ന് പതിനഞ്ചോളം നിയമങ്ങള്‍ പ്രാബല്യത്തിലുണ്ടെന്നും ഉത്തരവാദിത്ത രക്ഷാകര്‍തൃത്വത്തിനുള്ള പാഠങ്ങളാണ് സമൂഹം പഠിക്കേണ്ടതെന്നും അവര്‍ പറഞ്ഞു.
ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ ഡീനാ ഭരതന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ പി ബിജു, ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡ് മെമ്പര്‍ ബി മോഹന്‍ കുമാര്‍, ഡി സി ആര്‍ ബി ഡിവൈഎസ്പി ജെയ്‌സണ്‍ കെ എബ്രഹാം, ഐ സി ഡി എസ് പ്രോഗ്രാം ഓഫീസര്‍ ഉഷാകുമാരി, വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ എസ് പ്രമീള, കാസര്‍കോട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ പി ബി ബഷീര്‍, ഡി സി പി യു പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ ജി ഫൈസല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പരിപാടിയോടനുബന്ധിച്ച് ചൈല്‍ഡ് ഡെവലപ്‌മെന്റ് പ്രൊജക്ട് ഓഫീസര്‍മാര്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാര്‍, സൈക്കോ-സോഷ്യല്‍ കൗണ്‍സിലര്‍മാര്‍, ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കായി ശില്പശാല സംഘടിപ്പിച്ചു. ശില്പശാലയില്‍ കുട്ടികളുടെ അവകാശ സംരക്ഷണം, സമൂഹ മാധ്യമങ്ങളുടെ സ്വാധീനം കുട്ടികളില്‍, ഉത്തരവാദിത്ത രക്ഷാകര്‍തൃത്വം എന്നീ വിഷയങ്ങളില്‍ പി സി വിജയരാജന്‍, പി ആര്‍ ശ്രീനാഥ്, വത്സന്‍ പിലിക്കോട് എന്നിവര്‍ ക്ലാസെടുത്തു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ