ചൊവ്വാഴ്ച, ജൂൺ 04, 2019
കൊച്ചി: കൊച്ചിയില്‍ പനി ബാധിച്ച് ചികിത്സയിലുള്ള യുവാവിന് നിപ തന്നെയാണെന്ന് ആരോഗ്യവകുപ്പിന്റെ സിഥിരീകരണം. എന്‍.ഐ.വിയില്‍ (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി) നിന്നുള്ള പരിശോധനാ ഫലം നിപയാണെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വാര്‍ത്താസമ്മേളത്തില്‍ അറിയിച്ചു. ഭയപ്പെടേണ്ടതില്ല. നിപയാണെന്ന മുന്‍ധാരണയോടെ തന്നെ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു. എറണാകുളത്തെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലാണ് യുവാവ് ചികിത്സയില്‍ കഴിയുന്നത്.

നേരത്തെ ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയില്‍ നിപയോട് സാദൃശ്യമുള്ള വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് മണിപ്പാലിലേക്കും അവിടെനിന്ന് പുനെയിലേക്കും അയച്ചത്.

യുവാവുമായി ബന്ധപ്പെട്ടവരുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. 86 പേര്‍ നിരീക്ഷണത്തിലാണ്. അതില്‍ ഒരാള്‍ക്ക് പനിയുള്ളതായി കണ്ടിട്ടുണ്ട്. ഇയാളെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മറ്റൊരാള്‍ക്കും പനിയുള്ളതായി കണ്ടതിനാല്‍ നിരീക്ഷണത്തിലാണ്. രോഗിയെ പരിചരിച്ച രണ്ട് നഴ്‌സുമാര്‍ക്കും പനിയുള്ളതായി കണ്ടിട്ടുണ്ട്. ഇവരും നിരീക്ഷണത്തിലാണ്- മന്ത്രി പറഞ്ഞു.

കേന്ദ്ര ആരോഗ്യ വകുപ്പ് വിളിച്ചിരുന്നു. എന്‍.ഐ.വിയില്‍ നിന്ന് മെഡിസിന്‍ നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ട്. ഭീതിയുണ്ടാവേണ്ട കാര്യമില്ലെന്ന് മന്ത്രി ആവര്‍ത്തിച്ചു. മരുന്നുകള്‍ സ്റ്റോക്കുണ്ട്. വിദ്യാര്‍ഥിയുടെ ആരോഗ്യനില തൃപ്തികരമെന്ന് മന്ത്രി അറിയിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ