കൊച്ചി: സ്വര്‍ണവില കുതിച്ചുയരുന്നു. കേരളത്തില്‍ റെക്കോഡ് വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 280 രൂപ വര്‍ധിച്ചു. ഒരു പവന്‍ സ്വര്‍ണത്തിന് 25800 രൂപയാണ് വ്യാഴാഴ്ചത്തെ വില. ഇനിയും വില വര്‍ധിച്ചേക്കുമെന്നാണ് വ്യാപാരികള്‍ സൂചിപ്പിക്കുന്നത്. ഗ്രാമിന് 3225 രൂപയാണ് വില.
സ്വര്‍ണവില നിശ്ചയിക്കുന്നത് പ്രാദേശിക ഘടകങ്ങള്‍ മാത്രമല്ല, ആഗോളതലത്തിലെ എല്ലാ സാധ്യതകളും സ്വര്‍ണവിലയെ ബാധിക്കുന്നു. അമേരിക്കയിലെ സാമ്പത്തിക-നികുതി തര്‍ക്കങ്ങളും വില വര്‍ധനവിന് കാരണമാണ്. ഇന്ത്യയില്‍ വില വര്‍ധനവിന് മറ്റൊരു കാരണം കൂടിയുണ്ട്. കഴിഞ്ഞ ബജറ്റില്‍ കസ്റ്റംസ് തീരുവ വര്‍ധിപ്പിച്ചിരുന്നു. ഇതാണ് പവന് 26000ത്തിലേക്ക് അടുക്കാന്‍ കാരണമായത്.
സ്വര്‍ണമുള്‍പ്പെടെയുള്ള ലോഹങ്ങളുടെ കസ്റ്റംസ് തീരുവ 10 ശതമാനമായിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ ബജറ്റില്‍ ഇത് 12.5 ശതമാനമാക്കി ഉയര്‍ത്തി. ബജറ്റ് ദിനത്തില്‍ തന്നെ വില വര്‍ധന പ്രകടമായിരുന്നു. ഗ്രാമിന് 45 രൂപയാണ് അന്ന് മാത്രം വര്‍ധിച്ചത്. ഇന്ന് ഗ്രാമിന് വര്‍ധിച്ചിരിക്കുന്നത് 35 രൂപയാണ്. പവന് 280 രൂപയും.വിദേശത്ത് നിന്ന് കൊണ്ടുവരുന്ന സ്വര്‍ണത്തിനും 12.5 ശതമാനം നികുതി ചുമത്തണമെന്നാണ് ബജറ്റിലെ നിര്‍ദേശം. വരുംദിവസങ്ങളിലും വില വര്‍ധിക്കാനാണ് സാധ്യത. രൂപയിലെ മൂല്യ വ്യതിയാനം, ഓഹരി വിപണികളിലെ അസ്ഥിരത എന്നിവയും സ്വര്‍ണവില ഉയരാന്‍ ഇടയാക്കുന്ന കാരണങ്ങളാണ്.
0 Comments