യുവാവിന്റെ മുറിഞ്ഞുപോയ വിരൽ ആശുപത്രിയിൽ നിന്ന് കാണാതായി; ജീവനക്കാർ ലോകകപ്പ് സെമി കാണുന്ന തിരക്കിലായിരുന്നുവെന്ന് ഭാര്യ

യുവാവിന്റെ മുറിഞ്ഞുപോയ വിരൽ ആശുപത്രിയിൽ നിന്ന് കാണാതായി; ജീവനക്കാർ ലോകകപ്പ് സെമി കാണുന്ന തിരക്കിലായിരുന്നുവെന്ന് ഭാര്യ

കൊൽക്കത്ത: അപകടത്തിൽ മുറിഞ്ഞുപോയ വിരലിന്റെ ഭാഗം ആശുപത്രിയിൽ നിന്ന് കാണാതായി. വ്യാഴാഴ്ച ശസ്ത്രക്രിയയിലൂടെ തുന്നിച്ചേർക്കാനിരുന്ന കെമിക്കൽ എഞ്ചിനീയറായ നീലോത്പൽ ചക്രബർത്തിയുടെ കൈവിരലാണ് ആശുപത്രിയിൽ നിന്നും നഷ്ടപ്പെട്ടത്. ആശുപത്രിയിലെ ജീവനക്കാർ ലോകകപ്പിലെ ഇന്ത്യ- ന്യൂസിലൻഡ് സെമി കാണുന്ന തിരക്കിലായിരുന്നുവെന്നും തുന്നിച്ചേർക്കാനെത്തിച്ച വിരൽ ജീവനക്കാർ സൂക്ഷിച്ചില്ലെന്നും കാട്ടി ഭാര്യ പൊലീസിൽ പരാതി നൽകി.

ബുധനാഴ്ചയാണ് നിലോത്പൽ ചക്രബർത്തിക്ക് അപകടമുണ്ടായത്. ഇടതുമോതിര വിരലിന്റെ മുകൾ ഭാഗം അപകടത്തിൽ വേർപെട്ടു. അപകടം നടന്ന ഉടൻ തന്നെ ചക്രബർത്തിയെ ദക്ഷിണ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് സഹപ്രവർത്തകരിൽ ഒരാളാണ് മുറിഞ്ഞുപോയ വിരലിന്റെ ഭാഗവുമായി ആശുപത്രിയിലെത്തിയത്. ചക്രബർത്തിയുടെ ഭാര്യ മുറിഞ്ഞ വിരലിന്റെ ഭാഗം എമർജൻസി ഡസ്കിൽ ഏൽപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച ശസ്ത്രക്രിയ നടത്താനുള്ളതാണെന്നു പറഞ്ഞാണ് വിരൽ ജീവനക്കാരെ ഏൽപിച്ചത്.

വ്യാഴാഴ്ച രാവിലെ ചക്രബർത്തിയെ ശസ്ത്രക്രിയയുടെ നടപടിക്രമങ്ങൾ തുടങ്ങിയപ്പോഴാണ് വിരൽ നഷ്ടമായ വിവരം അധികൃതർ മനസ്സിലാക്കുന്നത്. താൻ വിരലുമായി ചെന്നപ്പോൾ ജീവനക്കാർ എല്ലാവരും ടിവിയിൽ കളികാണുന്ന തിരക്കിലായിരുന്നുവെന്ന് ചക്രബർത്തിയുടെ ഭാര്യ പറയുന്നു. എന്നാൽ വിരലിന്റെ മുകൾ ഭാഗം തുന്നിച്ചേർക്കാൻ കഴിയുമായിരുന്നില്ലെന്ന വിശദീകരണമാണ് ആശുപത്രി അധികൃതർ നൽകുന്നത്. സംഭവത്തിൽ അന്വേഷണം നടക്കുന്നുവെന്നും അവർ വ്യക്തമാക്കി. അന്നേ ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കാൻ പൊലീസ് ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Post a Comment

0 Comments