കാഞ്ഞങ്ങാടിന്റെ മുഖം മാറുന്നു... 650.47 കോടിയുടെ പദ്ധതികള്‍ പരിഗണനയില്‍; ആദ്യഘട്ടത്തില്‍ നടപ്പാക്കുന്നത് 62.47 കോടിയുടെ പദ്ധതികള്‍

കാഞ്ഞങ്ങാടിന്റെ മുഖം മാറുന്നു... 650.47 കോടിയുടെ പദ്ധതികള്‍ പരിഗണനയില്‍; ആദ്യഘട്ടത്തില്‍ നടപ്പാക്കുന്നത് 62.47 കോടിയുടെ പദ്ധതികള്‍


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിനെ പൈതൃകനഗരമായി വികസിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ത്വരിതപ്പെടുത്തുന്നതിന് റവന്യു-ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ കാഞ്ഞങ്ങാട് പൊതുമരാമത്ത് റസ്റ്റ്ഹൗസില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.  കാഞ്ഞങ്ങാട് സൗത്ത് മുതല്‍ അജാനൂര്‍ ഇഖ്ബാല്‍ ജംഗ്ഷന്‍ വരെ നാലു കിലോമീറ്റര്‍ ഫ്‌ളൈ ഓവറിന് 400 കോടി രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയത്. കിഫ്ബിയിലുള്‍പ്പെടുത്തി പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത് പരിഗണനയിലുണ്ടെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. 2017-18 ബജറ്റില്‍ 40 കോടി രൂപയാണ് വകയിരുത്തിയത്.
കാഞ്ഞങ്ങാട്  പമ്മ ക്ലിനിക്ക്  മുതല്‍ ദുര്‍ഗ ഹൈസ്‌കൂള്‍ (കൈലാസ് ) റോഡ് വരെ 1120 മീറ്റര്‍ ഫ്‌ളൈ ഓവര്‍ നിര്‍മ്മിക്കുന്നതിന് റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ തയ്യാറാക്കിയ പ്രാഥമിക സര്‍വ്വേ റിപ്പോര്‍ട്ട് യോഗത്തില്‍ അവതരിപ്പിച്ചു. വ്യാപാരി വ്യവസായികളുള്‍പ്പടെയുള്ളവരുടെയും നാട്ടുകാരുടേയും അഭിപ്രായം സ്വരൂപിക്കുന്നതിന് തീരുമാനിച്ചു.  ഈ മാസം 18 ന് സബ് കളക്ടര്‍ അരുണ്‍ കെ വിജയനും ആര്‍ ബി ഡി സി ഉദ്യോഗസ്ഥരും  വിവിധ സംഘടനാ പ്രതിനിധികളുമായി പ്രാഥമിക ചര്‍ച്ച നടത്തും. ഫ്‌ളൈ ഓവറും സര്‍വീസ് റോഡുകളും ഉള്‍പ്പെടുന്നതാണ് പദ്ധതി. 2017-18 ബജറ്റ് പ്രസംഗത്തില്‍  സംസ്ഥാന ധനകാര്യ മന്ത്രി ഈ പദ്ധതിക്ക് 40 കോടി രൂപ വകയിരുത്തിയിരുന്നു. പട്ടണത്തിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കാണാന്‍ ഉപകരിക്കുന്ന പദ്ധതിയാണിത്.
ഹൊസ്ദുര്‍ഗ് ഹെറിറ്റേജ് സ്ട്രീറ്റ് പ്രൊജക്ടും യോഗത്തില്‍ അവതരിപ്പിച്ചു.  പുതിയ കോട്ട നെഹ്‌റു മണ്ഡപം മുതല്‍ ഗാന്ധി സ്മൃതിമണ്ഡപം വരെയാണ് ഈ പദ്ധതി. ഇതിനാവശ്യമായ സ്ഥലം പൊതുമരാമത്ത് നിരത്ത്, കെട്ടിട വിഭാഗങ്ങളില്‍ നിന്ന് ടൂറിസം വകുപ്പിന് വിട്ടുകിട്ടുന്നതിന് നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ആയിരം പേര്‍ക്ക് ഇരിക്കാവുന്ന യോഗസ്ഥലം ജോഗിങ് സ്ട്രീറ്റ്, ഫുഡ് സ്ട്രീറ്റ്, സൈക്ലിങ് പാത്ത്, കടകള്‍ തുടങ്ങിയ ഉള്‍പ്പെടുന്നതാണ് പ്രൊജക്ട്. കാഞ്ഞങ്ങാട് ടൗണ്‍ സ്‌ക്വയര്‍ വികസന പദ്ധതിയും യോഗം ചര്‍ച്ച ചെയ്തു. 62.75 സെന്റ് സ്ഥലം റവന്യു വകുപ്പ് ഈ പദ്ധതിക്കു വേണ്ടി ടൂറിസം വകുപ്പിന് കൈമാറിയതായി മന്ത്രി പറഞ്ഞു. 7.53 കോടി രൂപയുടെതാണ് ടൗണ്‍ സ്‌ക്വയര്‍ പ്രൊജക്ട.് ഷോപ്‌സ് ചില്‍ഡ്രന്‍സ്  പ്ലേ ഏരിയ വയോജനങ്ങള്‍ക്കുള്ള വിശ്രമസ്ഥലം, ആംഫി തീയേറ്റര്‍, ശില്‍പങ്ങള്‍, ചരിത്ര ടവര്‍.  ഗ്രീന്‍ പാര്‍ക്ക്, കാര്‍ പാര്‍ക്കിങ്ങ് ഏരിയ എന്നിവ ഉള്‍പ്പെടുന്നതാണ് പ്രൊജക്ട്.   ഹൊസ്ദുര്‍ഗ് ഹെറിറ്റേജ് സ്ട്രീറ്റ് 14.94 കോടിയുടെ പദ്ധതിയാണ്. മഞ്ഞം പൊതിക്കുന്ന് വിനോദ സഞ്ചാര കേന്ദ്രമായി വികസിപ്പിക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്താന്‍ മന്ത്രി ജില്ലാ കളക്ടര്‍ ഡോ.സി.സജിത് ബാബുവിന് നിര്‍ദ്ദേശം നല്‍കി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി സൂപര്‍ സ്‌പെഷ്യാലിറ്റിയായി വികസിപ്പിക്കുന്നതിന് 168 കോടി രൂപയുടെ പ്രൊജക്ട് പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു. പടന്നക്കാട്  കൂലോം റോഡ് വഴി വെള്ളരിക്കുണ്ടിലേക്കുള്ള 60 കോടി രൂപയുടെ റോഡ് നിര്‍മ്മാണവും യോഗം ചര്‍ച്ച ചെയ്തു
യോഗത്തില്‍ കാഞ്ഞങ്ങാട് ഗരസഭ ചെയര്‍മാന്‍ വി.വി രമേശന്‍, ജില്ലാ കളക്ടര്‍ ഡോ.ഡി. സജിത് ബാബു, സബ് കളക്ടര്‍ അരുണ്‍ കെ. വിജയന്‍, തഹസില്‍ദാര്‍ ശശിധരന്‍ പിള്ള, അഡ്വ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ആര്‍ക്കിടെക്റ്റ് റെജിപ്മാനുവല്‍, പൊതുമരാമത്ത് കെട്ടിടവിഭാഗം എക്‌സിക്യുട്ടിവ് എഞ്ചിനിയര്‍ സി. രാജേഷ് നിരത്ത് വിഭാഗം എക്‌സി.എഞ്ചിനീയര്‍ വിനോദ് കുമാര്‍, ഫിനാന്‍സ് ഓഫീസര്‍ കെ.സതീശന്‍, ഡി എം ഒ. ഡോ. എ പി ദിനേഷ് കുമാര്‍, കെ.എസ്.ടി.പി പ്രതിനിധി പി മധു, എ.എകക്‌സ്.ഇ ഷീല ചീരന്‍, നഗരസഭ സ്ഥിരം സമിതി അധ്യക്ഷ ഗംഗ രാധകൃഷ്ണന്‍, എച്ച്. ശ്രീധരന്‍, ഡിടിപിസി സെക്രട്ടറി ബിജു ആര്‍ ഡിടിപിസി മാനേജര്‍ സുനില്‍ കുമാര്‍ പങ്കെടുത്തു തുടങ്ങിയവര്‍ പങ്കെടുത്തു. ആര്‍.ബി.ഡി.സി പ്രതിനിധി വത്സരാജ് യോഗത്തില്‍ കാഞ്ഞങ്ങാട് ഫ്‌ളൈ ഓവര്‍ സംബന്ധിച്ച പ്രാഥമിക സര്‍വേ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

Post a Comment

0 Comments