കൊച്ചി: മഴ പെയ്യാത്തതും ജലക്ഷാമം കടുത്ത രീതിയിൽ തുടരുന്നതും കോഴിത്തീറ്റ വില ക്രമാതീതമായി വർദ്ധിച്ചതും കാരണം തമിഴ് നാട്ടിൽ നിന്ന് ഇറച്ചിക്കോഴികളെ കൂട്ടത്തോടെ കേരളത്തിലേക്ക് കടത്തുന്നു. സംസ്ഥാനത്തേക്ക് കൂട്ടമായി കോഴി എത്തിയതോടെ അടുത്ത കാലത്തൊന്നും ഇല്ലാത്ത വിധത്തിൽ സംസ്ഥാനത്ത് കോഴിവില ഇടിഞ്ഞു. ഇന്നലെ, കിലോഗ്രാമിന് 52 രൂപയായിരുന്നു മൊത്തവില. അതേസമയം, ഒരു കിലോ കോഴിയുടെ ചില്ലറ വിൽപന വില 83 രൂപയും ആയിരുന്നു.
നേരത്തെ, ഒരു കിലോഗ്രാം കോഴിക്ക് 90 രൂപ ഫാം വില ലഭിച്ചിരുന്നതാണ്. എന്നാൽ, കടുത്ത പ്രതിസന്ധി വന്നതോടെയിത് പകുതി വിലയായി. 50 രൂപ വരെ ഉയർന്ന കോഴി കുഞ്ഞുങ്ങളുടെ വില ഇപ്പോൾ 11 രൂപ വരെയായി. എന്നാൽ, കോഴി കുഞ്ഞുങ്ങളുടെ വില കുറഞ്ഞതിൽ കോഴി കർഷകർക്ക് വലിയ സന്തോഷമില്ല. ജലക്ഷാമവും കോഴിത്തീറ്റ കുറഞ്ഞതും വിലവർദ്ധനയും താങ്ങാൻ കഴിയില്ലെന്ന് കോഴി കർഷകർ പറയുന്നു. കോഴി തീറ്റയുടെ വില ചാക്കിന് 1700 രൂപ വരെയായി. കഴിഞ്ഞ മൂന്നു മാസത്തിനിടെ 300 രൂപയുടെ വർദ്ധനയാണ് കോഴി തീറ്റയിൽ ഉണ്ടായത്. കോഴി തീറ്റ നിർമാണത്തിന് ആവശ്യം വേണ്ടതാണ് ചോളം, തിന എന്നിവ. എന്നാൽ, തമിഴ് നാട്ടിലെ വരൾച്ച മൂലം കുറഞ്ഞതും കുത്തക വ്യാപാര ശ്യംഖലകൾ ഇവ ഉയർന്ന വിലയ്ക്ക് വാങ്ങിക്കൂട്ടിയതുമാണ് തീറ്റയുടെ വില ഉയരാൻ കാരണം.
0 Comments