തലശേരി: കുളത്തിൽ കുളിച്ച് കയറിയ കുട്ടികൾ കൈയ്യിലുള്ള ചുവന്ന ട്രൗസർ വീശിയതിനെ തുടർന്ന് ഓടിക്കൊണ്ടിരുന്ന ട്രെയിൻ നിർത്തി. എടക്കാട് റെയിൽവെ സ്റ്റേഷന് സമീപമാണ് സംഭവം. എറണാകുളം- കണ്ണൂർ ഇന്റര്‍സിറ്റി എക്സ്പ്രസാണ് അഞ്ച് മിനിറ്റിലേറെ എടക്കാട് നിർത്തിയിട്ടത്.
13, 14 വയസുള്ള നാലുകുട്ടികൾ വീട്ടിൽ പറയാതെ കുളിക്കാനെത്തിയതായിരുന്നു. ഒന്നാം പ്ലാറ്റ് ഫോം അവസാനിക്കുന്നിടത്ത് സ്റ്റേഷന്റെ പേരെഴുതിയ ബോർഡിന് അടുത്തുള്ള മരത്തിൽ ഇവർ വസ്ത്രങ്ങൾ സൂക്ഷിച്ചിരുന്നു. കുളി കഴിഞ്ഞെത്തി ഇവരിലൊരാൾ ചുവന്ന ട്രൗസർ കുടയുന്നതു കണ്ടാണ് അപകട സൂചനയെന്ന് തെറ്റിദ്ധരിച്ച് ലോക്കോപൈലറ്റ് ട്രെയിൻ നിർത്തിയത്.
സംഭവമറിഞ്ഞ് ആർപിഎഫ് എഎസ്ഐ ശ്രീലേഷ്, കോൺസ്റ്റബിൾ കെ. സുധീർ, സ്പെഷ്യൽ ഇന്റലിജൻസ് ബ്രാഞ്ച് അംഗം സുബീഷ് എന്നിവരെത്തി അന്വേഷിച്ച് കുട്ടികളെ കണ്ടെത്തി. ചൈൽഡ്- ലൈൻ കോ-ഓഡിനേറ്റര്‍ സുമേഷ് കുട്ടികളുമായി സംസാരിച്ചു.
സംഭവം വ്യക്തമായതിനെ തുടർന്ന് കുട്ടികളെ വിട്ടയക്കുകയായിരുന്നു. കുട്ടികളുടെ രക്ഷിതാക്കളെ വിളിച്ച് വരുത്തി സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുകയും ചെയ്തു.
മതിയായ കാരണമില്ലാതെ ട്രെയിൻ നിർത്തിക്കുന്നത് ജാമ്യമില്ലാ കുറ്റമാണ്.
0 Comments