കൊച്ചി: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകന്റെ മരണത്തിനിടയാക്കിയെന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍ സര്‍ക്കാരിന്റെ വാദങ്ങള്‍ പൂര്‍ണമായി തള്ളിക്കളഞ്ഞാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. ശ്രീറാമിന് തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മൂന്നാം കോടതി അനുവദിച്ച ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉന്നയിച്ച വാദങ്ങള്‍ തള്ളിക്കളഞ്ഞുകൊണ്ടാണ് ജസ്റ്റിസ് രാജാ വിജയരാഘവന്‍ ഉത്തരവിട്ടത്.
പോലീസിന്റെ അന്വേഷണത്തില്‍ പാളിച്ചകളുണ്ട്. കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യം നിലവിലില്ലെന്നും ഉത്തരവില്‍ പറയുന്നു. ജാമ്യം ലഭിച്ച ശ്രീറാം വെങ്കിട്ടരാമന്‍ കഴിഞ്ഞ ദിവസം ആശുപത്രി വിട്ടിരുന്നു. പോലീസ് നിയമാനുസൃതം സ്വീകരിക്കേണ്ട നടപടികള്‍ ചെയ്തില്ലെന്ന് കോടതി വിമര്‍ശിച്ചു. ഒരുമണിക്കൂര്‍ പ്രതിയെ കസ്റ്റഡിയില്‍ കിട്ടിയിട്ടും നടപടികള്‍ എടുത്തിട്ടില്ലെന്നും കോടതി വിമര്‍ശിച്ചു.
അന്വേഷണത്തില്‍ പോലീസ് പ്രൊഫഷണലിസം കാണിച്ചില്ല. ശ്രീറാമിന്റെ വൈദ്യപരിശോധന വൈകിയത് അന്വേഷണ ഉദ്യോഗസ്ഥന്റെ വീഴ്ചയാണ്. അപകടങ്ങള്‍ കൈകാര്യം ചെയ്യാന്‍ പോലീസിന് വ്യക്തമായ പദ്ധതിയില്ല. ഭാവിയില്‍ ഇത്തരം കാര്യങ്ങളില്‍ മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഒരു സാക്ഷിമൊഴിയുടെ മാത്രം അടിസ്ഥാനത്തില്‍ കേസെടുക്കാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ശ്രീറാം മദ്യപിച്ചിരുന്നതായി സാക്ഷിമൊഴി മാത്രമേയുള്ളു. രക്തത്തില്‍ മദ്യത്തിന്റെ അംശം രേഖാമൂലം തെളിയിക്കാനായില്ല. അതിനാല്‍ ശ്രീറാമിനെതിരെ ചുമത്തിയ ഐപിസി 304 നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു. പോലീസിന്റെ വീഴ്ച കോടതിയില്‍ വന്ന് പരിഹരിക്കാന്‍ നോക്കേണ്ടെന്നും കോടതി പറഞ്ഞു.
0 Comments