എല്ലാം കൂടെ ഒരു 15 സെക്കന്‍ഡ്, ഒരുപാട് വേദന സഹിച്ചായിരിക്കില്ല അവര്‍ മരിച്ചത്..: കവളപ്പാറയില്‍ ദുരന്തത്തില്‍പ്പെട്ടവരുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ പറയുന്നു

എല്ലാം കൂടെ ഒരു 15 സെക്കന്‍ഡ്, ഒരുപാട് വേദന സഹിച്ചായിരിക്കില്ല അവര്‍ മരിച്ചത്..: കവളപ്പാറയില്‍ ദുരന്തത്തില്‍പ്പെട്ടവരുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ പറയുന്നു




പ്രളയം വീണ്ടും കേരളത്തെ പിടിച്ചു കുലുക്കിയപ്പോള്‍ ദുരന്തം ആര്‍ത്തലച്ച് വിഴുങ്ങിയത് മലപ്പുറം കവളപ്പാറയെയാണ്. നിമിഷ നേരം കൊണ്ട് ഒരു ഗ്രാമത്തെയാകെ വിഴുങ്ങിയ ദുരന്തത്തില്‍ 40-ഓളം കുടുംബങ്ങളാണ് മണ്ണിനടിയിലായത്. 59 ഓളം പേര്‍ മണ്ണിനടിയില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇതില്‍ 33 പേരുടെ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരുടെ വാക്കുകളാണ് വീണ്ടും ഞെട്ടലുണ്ടാക്കുന്നത്.

കവളപ്പാറയിലെ ഉരുള്‍പ്പൊട്ടലില്‍ അകപ്പെട്ടവര്‍ അബോധാവസ്ഥയിലാകും മരണപ്പെട്ടിട്ടുണ്ടാവുകയെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. ഭാരമുള്ള എന്തോ ഒന്ന് ദേഹത്ത് വന്നടിഞ്ഞ രീതിയിലാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്. ശ്വസിക്കാന്‍ പറ്റാതെ, മണ്ണിനടിയില്‍ പെട്ട് 15 സെക്കന്‍ഡുകള്‍ കൊണ്ട് അവര്‍ മരിച്ചിട്ടുണ്ടാകും.. ഒരുപാട് വേദന സഹിച്ചായിരിക്കില്ല അവര്‍ മരിച്ചത് അതു മാത്രമാണ് ആശ്വാസം.. ഡോക്ടര്‍മാര്‍ പറഞ്ഞു നിര്‍ത്തുന്നു.

മിക്കവരുടെയും വായില്‍ മണ്ണും ചെളിയും കാണപ്പെട്ടിരുന്നു. പലതും ജീര്‍ണ്ണിച്ച അവസ്ഥയിലാണ്. ചില മൃതദേഹങ്ങളില്‍ ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നുവെന്നും ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ത്തു. മഞ്ചേരി മെഡിക്കല്‍ കോളേജിലെ നാലു ഡോക്ടര്‍മാരാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നത്.

ഡോക്ടര്‍ സഞ്ജയ്, ഡോ. അജേഷ്, ഡോ. പാര്‍ഥസാരഥി, ഡോ.ലെജിത്ത് എന്നിവരാണ് സംഘത്തിലുള്ളത്. ടൗണിലെ മസ്ജിദുല്‍ മുജാഹിദ്ദീന്‍ പള്ളിയിലെ പ്രാര്‍ത്ഥനാമുറിയിലാണ് പോസ്റ്റ്‌മോര്‍ട്ടം നടക്കുന്നത്.

Post a Comment

0 Comments