കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണം യു.ഡി.എഫ് പിടിച്ചെടുത്തു

കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണം യു.ഡി.എഫ് പിടിച്ചെടുത്തു



കണ്ണൂര്‍: അനിശ്ചിതങ്ങള്‍ക്കു വിരാമമിട്ട് ഒടുവില്‍ കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണം യു.ഡി.എഫ് പിടിച്ചെടുത്തു. മേയര്‍ ഇ.പി ലതയ്‌ക്കെതിരായുള്ള അവിശ്വാസ പ്രമേയം വോട്ടെടുപ്പിലൂടെ പാസയതോടെ മൂന്നര വര്‍ഷമായി തുടരുന്ന എല്‍.ഡി.എഫ് ഭരണം താഴെ വീണു. പുതിയ മേയറായി കോണ്‍ഗ്രസിന്റെ സുമ ബാലകൃഷ്ണനെ തെരഞ്ഞെടുക്കും. ഡെപ്യൂട്ടി മേയറായി പി.കെ രാഗേഷ് തന്നെ തുടരും. യോഗം നടക്കുന്നതിനു തൊട്ടു മുമ്പായി പി.കെ രാഗേഷ് യു.ഡി.എഫിന് പരസ്യ പിന്തുണ നല്‍കിയിരുന്നു. ഇതോടെ കൂടുതല്‍ ആത്മവിശ്വാസത്തോടെയാണ് യു.ഡി.എഫ് അംഗങ്ങള്‍ എത്തിയത്.  കലക്ടര്‍ ടി.വി സുഭാഷിന്റെ അധ്യക്ഷതയില്‍ രാവിലെ ഒമ്പതു മുതല്‍ ചര്‍ച്ച തുടങ്ങി. ചര്‍ച്ചയില്‍ മേയര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് യു.ഡി.എഫ് അംഗങ്ങള്‍ ഉന്നയിച്ചത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പോലീസ് സംരക്ഷണത്തിലാണ് യോഗം നടന്നത്. മാധ്യമ പ്രവര്‍ത്തകരെ പുറത്താക്കി വാതിലടച്ചാണ് യോഗം നടന്നത്. ഇതിനെതിരേ മാധ്യമ പ്രവര്‍ത്തകര്‍ കോര്‍പറേഷനു മുമ്പില്‍ പ്രതിഷേധ യോഗം ചേര്‍ന്നു.  55 അംഗങ്ങളുളള കണ്ണൂര്‍ കോര്‍പ്പറേഷനില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും 27 വീതമാണ് സീറ്റ് ലഭിച്ചത്. കോണ്‍ഗ്രസ് വിമതനായി മത്സരിച്ച പി.കെ രാഗേഷിന്റെ പിന്തുണയോടെയാണ് ഭരണം പിടിച്ചെടുത്ത്. നിലവില്‍ കോര്‍പറേഷനില്‍ എല്‍.ഡി.എഫിന്റെ 26 അംഗങ്ങളും യു.ഡി.എഫിന്റെ 27 അംഗങ്ങളുമാണുള്ളത്. എല്‍.ഡി.എഫിന്റെ ഒരംഗം രണ്ടാഴ്ച മുമ്പ് മരിച്ചിരുന്നു. പി.കെ രാഗേഷ് ഒപ്പം ചേരുന്നതോടെ 28 അംഗങ്ങളുമായി യു.ഡി.എഫ് മുന്നില്‍ നില്‍ക്കും.  ഒരു മണിയോടു കൂടി രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ് നടന്നത്. അവിശ്വാസ പ്രമേയം പാസായാല്‍ ആദ്യ ആറ് മാസം മേയര്‍ സ്ഥാനം കോണ്‍ഗ്രസിലെ സുമാ ബാലകൃഷ്ണനും ശേഷമുളള ആറ് മാസം ലീഗിലെ സി. സീനത്തിനും നല്‍കാനാണ് യു.ഡി.എഫ് തീരുമാനം.  കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പി.കെ രാഗേഷ് കെ.സുധാകരന് പരസ്യമായി പിന്തുണ നല്‍കിയതോടെയാണ് ഭരണ മാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കമായത്. എന്നാല്‍ കോര്‍പ്പറേഷന്‍ ഭരണം തുടങ്ങിയത് മുതല്‍ തന്നെ പി.കെ രാഗേഷ് എല്‍.ഡി.എഫുമായി അഭിപ്രായ ഭിന്നത തുടങ്ങിയിരുന്നു. ഇരു മുന്നണികളും തങ്ങളുടെ എല്ലാ അംഗങ്ങളെയും എത്തിച്ച് പ്രതിരോധിക്കുക എന്ന ഉറച്ച തീരുമാനത്തിലാണ് യോഗത്തില്‍ എത്തിയത്. യു.ഡി.എഫ് കണ്‍സിലറായ കെ.കെ ഭാരതിയെ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് യു.ഡി.എഫ് അവശതയെ വകവെക്കാതെ യോഗത്തില്‍ എത്തിച്ചത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കോണ്‍ഗ്രസ് അംഗങ്ങള്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചതോടെയാണ് വന്‍ പോലീസ് സന്നാഹം ഹാളിനു പുറത്ത് നിലയുറപ്പിച്ചത്.

Post a Comment

0 Comments