ലഷ്‌കര്‍ ഭീകരര്‍ കടല്‍ വഴി തമിഴ്‌നാട്ടില്‍; സംഘത്തില്‍ തൃശൂര്‍ സ്വദേശി; ഹൈഅലര്‍ട്ട്
Friday, August 23, 2019
കോയമ്പത്തൂര്‍ : മലയാളി ഉള്‍പ്പെടെ ലഷ്‌കറെ തയിബയുടെ ആറംഗ ഭീകരസംഘം തമിഴ്‌നാട്ടിലെത്തിയതായി രഹസ്യാന്വേഷണ വിഭാഗം. പാക്കിസ്ഥാന്‍ സ്വദേശിയടക്കമുള്ളവര്‍ ശ്രീലങ്കയില്‍നിന്ന് കടല്‍ വഴി തമിഴ്‌നാട്ടിലേക്കു കടന്നെന്നാണ് വിവരം. ഇതോടെ ചെന്നൈ അടക്കമുള്ള നഗരങ്ങളില്‍ ഹൈ അലര്‍ട്ട് പ്രഖ്യാപിച്ചു. വിവിധ ഭാഗങ്ങളില്‍ സുരക്ഷ ശക്തമാക്കി. കേയമ്പത്തൂരടക്കം സംസ്ഥാനത്തിലെ വിവിധ ജില്ലകളിലേക്കാണ് ഭീകരര്‍ കടന്നിരിക്കുന്നത്.
നുഴഞ്ഞുകയറിയ ഭീകരരില്‍ ഒരു മലയാളിയുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുണ്ട്. തൃശൂര്‍ കൊടുങ്ങല്ലൂര്‍ മാടവന സ്വദേശി അബ്ദുള്‍ ഖാദര്‍ റഹീമിന്റെ സാന്നിധ്യമാണ് ഏജന്‍സികള്‍ സ്ഥിരീകരിച്ചത്. ഇയാളുടെ സഹായത്തോടെയാണു ഭീകരര്‍ ശ്രീലങ്കയില്‍നിന്ന് തമിഴ്നാട് തീരത്തെത്തിയത്. ബഹ്‌റൈനില്‍ കച്ചവടക്കാരനായിരുന്ന ഇദ്ദേഹം അടുത്ത കാലത്തായി ബിസിനസ് തകര്‍ന്ന അവസ്ഥയിലായിരുന്നുവെന്നാണു വിവരം.
ഇതേത്തുടര്‍ന്ന് ഡിജിപി സംസ്ഥാനത്ത് എല്ലാ എസ്പിമാര്‍ക്കും ജാഗ്രതനിര്‍ദേശം നല്‍കി. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ പ്രത്യേക നിരീക്ഷണം നടത്തണം. റെയില്‍ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, ആളുകൂടുന്ന സ്ഥലങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിര്‍ദേശമുണ്ട്.
നുഴഞ്ഞുകയറിയവരില്‍ ഒരാള്‍ പാക്കിസ്ഥാന്‍ സ്വദേശിയാണ്. ഇല്യാസ് അന്‍വര്‍ എന്ന പാക്ക് ഭീകരനാണിതെന്ന് രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ടുചെയ്തു. നെറ്റിയില്‍ കുറിയും ഭസ്മവും അണിഞ്ഞ് വേഷം മാറിയായിരിക്കും ഇവരെത്തുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വിമാനത്താവളം, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. കൂടുതല്‍ നുഴഞ്ഞുകയറ്റം ഒഴിവാക്കുന്നതിനായി തീരദേശ ഗ്രാമങ്ങളിലും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. കോയമ്പത്തൂരില്‍ വാഹനപരിശോധനയടക്കമുള്ള കാര്യങ്ങള്‍ കൂടുതല്‍ ശക്തമാക്കി. 1500 പൊലീസ് ഉദ്യോഗസ്ഥരെയാണ് ഇത്തരത്തില്‍ നിയോഗിച്ചിരിക്കുന്നത്.
0 Comments