മംഗ്‌ളൂരു റെയില്‍വേ സ്റ്റേഷനില്‍ മലയാളിയെ ലഹരി മരുന്നു നല്‍കി കൊള്ളയടിച്ചു

മംഗ്‌ളൂരു റെയില്‍വേ സ്റ്റേഷനില്‍ മലയാളിയെ ലഹരി മരുന്നു നല്‍കി കൊള്ളയടിച്ചു



മംഗ്‌ളൂരു : മംഗളൂരു റെയില്‍വേ സ്റ്റേഷനില്‍ മലയാളിയെ രണ്ടംഗ സംഘം ലഹരി മരുന്നു നല്‍കി മയക്കി കൊള്ളയടിച്ചു. ആലപ്പുഴ പുന്നപ്ര നടുവിലപ്പറമ്പ് ജിതിന്‍ നിവാസില്‍ ജിതിന്‍ ലാല്‍ (25) ആണു കവര്‍ച്ചയ്ക്കിരയായത്. പണവും സ്വര്‍ണമാലയും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടു. 22നു പുലര്‍ച്ചെ 4 മണിയോടെയാണു സംഭവം. ജിതിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റെയില്‍വേ സ്റ്റേഷനിലെ സിസിടിവിയില്‍ നിന്നു കവര്‍ച്ചക്കാരുടെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.

മുരുടേശ്വര്‍, കൊല്ലൂര്‍ തുടങ്ങിയ ക്ഷേത്രങ്ങളില്‍ തീര്‍ഥാടനം നടത്തി നാട്ടിലേക്കു മടങ്ങുകയായിരുന്നു ജിതിന്‍. 21നു രാത്രി വൈകി റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ജിതിന്‍ പിറ്റേന്നു പുലര്‍ച്ചെ പരശുറാം എക്സ്പ്രസില്‍ പോകാനായി പ്ലാറ്റ്ഫോമില്‍ തങ്ങി. അവിടെ വച്ചു പരിചയപ്പെട്ട 2 പേര്‍ രാവിലെ ചായ കുടിക്കാന്‍ ക്ഷണിച്ചു. അവര്‍ വാങ്ങിക്കൊടുത്ത ചായ കുടി
തിനു പിന്നാലെ ജിതിന്‍ മയങ്ങിപ്പോവുകയായിരുന്നു. തുടര്‍ന്നു തട്ടിപ്പുസംഘം തന്നെ ജിതിനെ താങ്ങിയെടുത്തു ട്രെയിനകത്തു കയറ്റിയ ശേഷം കൊള്ളയടിക്കുകയായിരുന്നു.

ട്രെയിന്‍ രാവിലെ 11.15നു ഷൊര്‍ണൂരിലെത്തിയിട്ടും ജിതിന്‍ ഉണരാത്തതില്‍ സംശയം തോന്നിയ സഹയാത്രികര്‍ തട്ടി വിളിച്ചു. എന്നിട്ടും എഴുന്നേല്‍ക്കാതെ വന്നതോടെ യാത്രക്കാര്‍ റെയില്‍വേ സുരക്ഷാ സേനയെ (ആര്‍പിഎഫ്) അറിയിച്ചു. അവരെത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജിതിനു ബോധം വന്ന ശേഷം മൊഴി രേഖപ്പെടുത്തിയ ഷൊര്‍ണൂര്‍ ആര്‍പിഎഫ് പരാതി മംഗളൂരുവിലേക്കു കൈമാറി. മംഗളൂരു സെന്‍ട്രല്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച തൃശൂര്‍ മെഡിക്കല്‍ കോളജിലെത്തി ജിതിന്റെ മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കി പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.

Post a Comment

0 Comments