കാസര്‍കോട്: പി.ബി അബ്ദുള്‍ റസാഖ് എം.എല്‍.എയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവ് വന്ന മഞ്ചേശ്വരം മണ്ഡലത്തില്‍ നടക്കേണ്ടിയിരുന്ന ഉപതെരഞ്ഞെടുപ്പ് വൈകിപ്പിച്ച് മണ്ഡലത്തിന് ലഭിക്കേണ്ട വികസന ഫണ്ടുകളും മറ്റ് ആനുകൂല്യങ്ങളും നഷ്ടപ്പെടുത്തിയതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ബി.ജെ.പിക്കും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനുമാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്‌റഫ്,ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ എന്നിവര്‍ ആരോപിച്ചു.
തെരഞ്ഞെടുപ്പ് സംബന്ധമായി നല്‍കിയ കേസ് സിറ്റിംഗ് എം.എല്‍.എയുടെ മരണത്തെ തുടര്‍ന്ന് പിന്‍വലിക്കുന്നതിന് പകരം തന്റെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി നീട്ടിക്കൊണ്ട് പോവുകയാണ് കെ.സുരേന്ദ്രന്‍ ചെയ്തത്.ഇപ്പോള്‍ കേസിന്റെ തുടര്‍നടപടികള്‍ കോടതി അവസാനിപ്പിച്ചിട്ടും ഉപതെരഞ്ഞെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാവാത്തത് ബി.ജെ. പിയുടെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കുന്നതിന് വേണ്ടിയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
കമ്മീഷന്‍ ഇപ്പോള്‍ പറയുന്നത് കോടതി പറഞ്ഞ തുക കെ.സുരേന്ദ്രന്‍ തരാത്തത് കൊണ്ടാണ് എന്നാണ്. ഇത്തരം കാര്യങ്ങള്‍പറഞ്ഞ് ഉപതെരഞ്ഞെടുപ്പ് നീട്ടി മഞ്ചേശ്വരത്തെ ജനങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളും കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികളും നഷ്ടപ്പെടുത്തിയതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് കെ.സുരേന്ദ്രനും ബി. ജെ.പിക്കും ഒഴിഞ്ഞ് മാറാന്‍ കഴിയില്ലെന്നും യൂത്ത് ലീഗ് നേതാക്കള്‍ പറഞ്ഞു. കെ.എം മാണി മരണപ്പെട്ടതിനെ തുടര്‍ന്ന് ഒഴിവ് വന്ന പാലാ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും പത്ത് മാസമായി ഒഴിഞ്ഞ് കിടക്കുന്ന മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പ് നടത്താതെ നീട്ടിക്കൊണ്ട്‌പോകുന്നതിന് പിന്നില്‍ മണ്ഡലത്തില്‍ സംഘര്‍ഷമുണ്ടാക്കി രാഷ്ട്രീയ ലാഭമുണ്ടാക്കാനുള്ള ബി.ജെ.പിയുടെ ശ്രമത്തിന്റെ ഭാഗമാണെന്നും ഇതിനെ മഞ്ചേശ്വരത്തെ ജനങ്ങള്‍ കരുതിയിരിക്കണമെന്നും നേതാക്കള്‍ പറഞ്ഞു.
0 Comments