ന്യൂഡൽഹി: ടിക്കറ്റില്ലാതെ യാത്ര ചെയ്തവരിൽ നിന്ന് കഴിഞ്ഞ മൂന്നു വർഷത്തിനിടെ റെയിൽവേ പിഴയായി ഈടാക്കിയത് 1377 കോടി രൂപയെന്ന് വിവരാവകാശ രേഖ. മധ്യപ്രദേശിൽ നിന്നുള്ള വ്യക്തിയാണ് വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ തേടിയത്. 2013-16 കാലയളവിനെ അപേക്ഷിച്ച് പിഴത്തുകയിൽ 31 ശതമാനം വർധനവുണ്ടായതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നവരിലൂടെ റെയിൽവേക്കു വൻ നഷ്ടമുണ്ടാകുന്നതായി കഴിഞ്ഞ വർഷം പാർലമെന്റ് സമിതി കണ്ടെത്തിയിരുന്നു. 2016-17 കാലത്തെ കണക്കുകൾ പരിശോധിച്ച ശേഷമായിരുന്നു കണ്ടെത്തൽ. നഷ്ടം നികത്താൻ കുറ്റക്കാരെ പിടിക്കാൻ റെയിൽവേ എല്ലാ സോണുകൾക്കും നിർദേശം നൽകിയിരുന്നു.
2016-17 കാലയളവിൽ 405.30 കോടിയും 2017-18ൽ 441.62 കോടിയും 2018-19ൽ 530.06 കോടി രൂപയുമാണ് പിഴത്തുക ലഭിച്ചത്. 2018 ഏപ്രിലിനും 2019 ജനുവരിക്കും ഇടയിൽ 89 ലക്ഷം യാത്രക്കാരെ ടിക്കറ്റില്ലാതെ പിടികൂടി. ടിക്കറ്റില്ലാതെ പിടികൂടുന്നവരിൽ നിന്ന് ടിക്കറ്റ് നിരക്കിന് പുറമെ 250 രൂപയാണ് പിഴയായി ഇടാക്കിയിരുന്നത്. പിഴയൊടുക്കാൻ കഴിയാത്തവരെ റെയിൽവെ സംരക്ഷണ സേന പിടികൂടും. മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കുന്ന ഇവർക്ക് 1000 രൂപ വരെ പിഴ അടയ്ക്കാൻ വിധിക്കും. ഇതിനു തയാറാകാത്തവർക്ക് ആറ് മാസം തടവ് ശിക്ഷയും നൽകും.
0 Comments