സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ ഉച്ചഭക്ഷണസമയം ഒന്നേകാൽ മുതൽ രണ്ടു മണി വരെയാണെന്ന് വ്യക്തമാക്കി ഉദ്യോഗസ്ഥ-ഭരണ പരിഷ്‌കാര വകുപ്പിന്റെ ഉത്തരവ്. ഉച്ചയ്ക്ക് ഒന്നേകാൽ മുതൽ രണ്ടു മണിവരെയാണ് ജീവനക്കാർക്ക് ഉച്ചഭക്ഷണത്തിനായി വിട്ടു നിൽക്കാനാകൂവെന്നും ഉത്തരവിൽ പറയുന്നു. നേരത്തെ മുതൽ തന്നെ ഈ സമയക്രമമായിരുന്നെങ്കിലും ഒരു മണി മുതൽ രണ്ട് വരെയാണ് ഉച്ചഭക്ഷണ സമയമായി സെക്രട്ടേറിയറ്റ് മുതൽ പഞ്ചായത്ത് ഓഫീസുകളിൽ വരെ നടപ്പാക്കി വരുന്നത്. ഈ ധാരണ തന്നെയാണ് പൊതുജനങ്ങൾക്കുമുള്ളത്.
സെക്രട്ടേറിയറ്റ് അടക്കമുള്ള സർക്കാർ ഓഫീസുകളിലെ പ്രവൃത്തി സമയം സംബന്ധിച്ച സംശയങ്ങളും പരാതികളും ഏറിയതോടെയാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തി കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥ-ഭരണ പരിഷ്‌കാര വകുപ്പിന്റെ ഉത്തരവിറങ്ങിയത്. രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെയാണ് പൊതുവിൽ സർക്കാർ ഓഫീസുകളുടെ പ്രവൃത്തിസമയം. പ്രാദേശിക കാരണത്താൽ സെക്രട്ടേറിയറ്റ്, തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിലെ നഗരമേഖല എന്നിവിടങ്ങളിൽ 10.15 മുതൽ 5.15 വരെയാണ് പ്രവൃത്തിസമയം.
0 Comments