ഗതാഗതം ദുരിതത്തിലായ കാസര്‍കോട് -തലപ്പാടി ദേശീയപാതയില്‍ കുഴി അടക്കല്‍ തുടങ്ങി

ഗതാഗതം ദുരിതത്തിലായ കാസര്‍കോട് -തലപ്പാടി ദേശീയപാതയില്‍ കുഴി അടക്കല്‍ തുടങ്ങി



കാസര്‍കോട്: ഗതാഗതം ദുരിതത്തിലായ കാസര്‍കോട് -തലപ്പാടി ദേശീയപാതയില്‍ കുഴി അടക്കല്‍ തുടങ്ങി.
മൊഗ്രാല്‍ മുതല്‍ കുമ്പള പെര്‍വാഡ് വരെയുള്ള റോഡിലെ കുഴി അടക്കല്‍ കഴിഞ്ഞദിവസമാണ് തുടങ്ങിയത്. ഉപ്പള മുതല്‍ തലപ്പാടി വരെയുള്ള റോഡിന്റെ കുഴിയടക്കല്‍ ഇന്ന് തുടങ്ങി.
കുമ്പള പെര്‍വാഡ് മുതല്‍ കാലിക്കടവ് വരെയുള്ള ദേശീയപാതയിലെ കുഴി അടച്ച് അറ്റകുറ്റ പണിനടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ രണ്ടരകോടി രൂപ അനുവദിച്ചിട്ടുണ്ട്. പെര്‍വാഡ്മുതല്‍ മൊഗ്രാര്‍ വരെ മൂന്ന് പ്രവൃത്തികളിലായി 75 ലക്ഷം രൂപയുടെ കരാറാണ് നല്‍കിയിട്ടുള്ളത്. മൊഗ്രാല്‍ പാലം മുതല്‍ അണങ്കൂര്‍ വരെ 98.6 ലക്ഷം രൂപയുടെ പ്രവൃത്തിക്കാണ് അനുമതി. ചട്ടഞ്ചാല്‍ മുതല്‍ കാലിക്കടവ് വരെ 75 ലക്ഷം രൂപയുടെ പ്രവൃത്തി നടക്കും.
തലപ്പാടി മുതല്‍ കുമ്പള പെര്‍വാഡ് വരെ ദേശീയപാത റീ ടാര്‍ ചെയ്യാന്‍ 12 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ദേശീയപാത അതോറിറ്റി മുഖേനയാണ് തുക ലഭ്യമാക്കിയത്. തലപ്പാടി-ഉപ്പള, ഉപ്പള-കുമ്പള പെര്‍വാഡ് റീച്ചുകളില്‍ കുഴി അടച്ച് അടിത്തറ ബലപ്പെടുത്തിയാണ് റോഡ് റീടാര്‍ ചെയ്യുന്നത്. തലപ്പാടി-ഉപ്പള റീച്ചില്‍ 6.60 കോടി രൂപയുടെ പ്രവൃത്തിയാണ് നടക്കുക. റീടാറിങ്ങിന് മാത്രമാണ് ദേശീയപാത അതോറിറ്റി തുക അനുവദിച്ചിട്ടുള്ളത്. കുഴി അടച്ച് അടിത്തറ ബലപ്പെടുത്തല്‍ കാറുകാരന്റെ അധിക ബാധ്യതയാണ്. ഉപ്പള-കുമ്പള പെര്‍വാഡ് റീച്ചില്‍ 5.40 കോടി രൂപ ചെലവ് വരും. നാലുവരി ദേശീയപാത വികസനം കാരണം കേന്ദ്ര സര്‍ക്കാര്‍ വര്‍ഷങ്ങളായി അറ്റകുറ്റ പണിക്ക് ഫണ്ട് അനുവദിച്ചിരുന്നില്ല.

Post a Comment

0 Comments