കൊച്ചി: കേരളത്തിന്റെ സ്വപ്നപദ്ധതി യാഥാര്‍ത്ഥ്യത്തോടടുക്കുന്നു. തിരുവനന്തപുരത്തുനിന്നും നാലുമണിക്കൂര്‍കൊണ്ട് കാസര്‍കോട്ടെത്തുന്ന സെമിഹൈസ്പീഡ് റെയില്‍വേ പദ്ധതിക്ക് മൂന്നാഴ്ചയ്ക്കകം കേന്ദ്രത്തിന്റെ അനുമതി ലഭിക്കുമെന്ന് സൂചന. റെയില്‍വേ മന്ത്രാലയവും റെയില്‍വേ ബോര്‍ഡും താല്‍പ്പര്യം കാട്ടുന്ന പദ്ധതിയുടെ പഠനറിപ്പോര്‍ട്ടും അലൈന്‍മെന്റും സംസ്ഥാനസര്‍ക്കാര്‍ അംഗീകരിച്ച് റെയില്‍വേ മന്ത്രാലയത്തിന് സമര്‍പ്പിച്ചു. പദ്ധതിക്ക് 6000 കോടിയുടെ ഓഹരിയും സാങ്കേതികസഹായവും റെയില്‍വേ വാഗ്ദാനം ചെയ്തു. കേന്ദ്രാനുമതി ലഭിച്ചാലുടന്‍ സ്ഥലമെടുപ്പ് തുടങ്ങും. ജി.എസ്.ടി ഇനത്തില്‍ നല്‍കേണ്ട 3000 കോടിയും റെയില്‍വേ തിരികെനല്‍കി, പദ്ധതി നടത്തിപ്പിനുള്ള കമ്പനിയില്‍ ഓഹരിയായി നിക്ഷേപിക്കും. 56,442 കോടിയാണ് പദ്ധതി ചെലവ്. 5 വര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തിയാവുമ്പോള്‍ ഇത് 65,000 കോടിയായി ഉയര്‍ന്നേക്കും.
കേന്ദ്ര ആസൂത്രണ, സാമ്പത്തികകാര്യ വകുപ്പിന്റെ ഔദ്യോഗിക പരിപാടിയില്‍ കേരളത്തിന്റെ സെമിഹൈസ്പീഡ് റെയില്‍വേ പദ്ധതി ഉള്‍പ്പെടുത്തിയതോടെ, ജപ്പാന്‍ ഏജന്‍സിയായ ജൈക്കയുടെ വായ്പ വേഗത്തില്‍ ലഭിക്കും. പദ്ധതിക്ക് 35000 കോടിയിലേറെ വിദേശവായ്പ വേണ്ടിവരും. ജൈക്കയ്ക്ക് പരിധിയില്ലാതെ വായ്പനല്‍കാം. 0.2 മുതല്‍ ഒരുശതമാനം വരെയാണ് അവരുടെ പലിശ. 50 വര്‍ഷംവരെ തിരിച്ചടവ് കാലാവധിയും 10 വര്‍ഷം മോറട്ടോറിയവും കിട്ടും. പക്ഷേ, ട്രെയിനിന്റെ കോച്ചുകളും സിഗ്‌നല്‍സംവിധാനവുമടക്കം ജപ്പാന്‍ കമ്പനികളില്‍ നിന്ന് വാങ്ങണമെന്ന് ജൈക്ക നിബന്ധനവെക്കും.
നവംബറില്‍ ഡി.പി.ആര്‍ തയ്യാറാവും. ഹെലികോപ്ടറും ഡ്രോണുകളുമുപയോഗിച്ചുള്ള അതിവേഗസര്‍വേ ഉടന്‍ തുടങ്ങും. 1226.45 ഹെക്ടര്‍ ഭൂമിയേറ്റെടുക്കാന്‍ 8000 കോടി സംസ്ഥാനം മുടക്കണം. ജനവാസം ഏറ്റവും കുറഞ്ഞ സ്ഥലങ്ങളിലൂടെയാണ് പുതിയ റെയില്‍വേപാത. ഇരുവശവും സര്‍വീസ് റോഡുകളുള്ളതിനാല്‍ ഉള്‍പ്രദേശങ്ങള്‍ വികസിക്കും. 11,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നതിനാല്‍ ഭൂമി വിട്ടുനല്‍കുന്നവര്‍ക്കും ഇതുകൊണ്ട് നേട്ടമുണ്ടാവും.
തിരുവനന്തപുരം മുതല്‍ തിരുനാവായ വരെ പുതിയ അലൈന്‍മെന്റില്‍ 600 മീറ്റര്‍ വീതിയില്‍ ഗ്രീന്‍ഫീല്‍ഡ് പാത നിര്‍മ്മിക്കണം. തിരൂര്‍ മുതല്‍ കാസര്‍കോട് വരെ നിലവിലെ റെയില്‍പാതയ്ക്ക് സമാന്തരമായിരിക്കും പുതിയപാത.
0 Comments