അടയ്ക്കാമോഷണത്തിനിടെ യുവാവ് വീട്ടുടമയുടെ വെടിയേറ്റ് മരിച്ചു

അടയ്ക്കാമോഷണത്തിനിടെ യുവാവ് വീട്ടുടമയുടെ വെടിയേറ്റ് മരിച്ചു


കാസര്‍കോട്: അടയ്ക്കാമോഷണത്തിനിടെ യുവാവ് വീട്ടുടമയുടെ വെടിയേറ്റ് മരിച്ചു.
പാണത്തൂര്‍ ചെത്തുകയം കുണ്ടച്ചിക്കാനത്തെ ഗണേശനാണ് (39) വെടിയേറ്റ് മരിച്ചത്. ഇന്നുപുലര്‍ച്ചെ 1 മണിക്കാണ് സംഭവം.
ഗോഡൗണില്‍ നിന്ന് അടക്കചാക്ക് മോഷ്ടിച്ച് വെളിയിലിറക്കുന്നത് ശ്രദ്ധയില്‍പ്പെട്ട വീട്ടുടമ ലൈറ്റ് ഇട്ടു. ഇതില്‍ പ്രകോപിതനായ ഗണേശന്‍ വീട്ടുടമ ഹൈന്നണ്ണയുടെ(58) നേര്‍ക്ക് കത്തിയുമായി വന്നുവത്രെ. ഇതേതുടര്‍ന്ന് ഹൈന്നണ്ണ തോക്കെടുത്ത് വെടിവെച്ചു. വെടിയേറ്റുവീണ യുവാവ് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. അടയ്ക്കാ ഗോഡൗണിന്റെ വാതില്‍തുറന്നാല്‍ വീട്ടിനുള്ളില്‍ മണിയടിക്കുന്ന സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. മണിയടിക്കുന്ന ശബ്ദം കേട്ടാണ് വീട്ടുടമ ഉണര്‍ന്നത്. മുഖം മറച്ചാണ് മോഷ്ടാവ് ഗണേശനെത്തിയത്. ഹൈന്നണ്ണ കര്‍ണാടക ബാഗമണ്ഡലം പോലീസില്‍ കീഴടങ്ങി. കഴിഞ്ഞ ആഴ്ച ഇതേ ഗോഡൗണില്‍ നിന്നും പത്ത് ചാക്ക് അടയ്ക്ക മോഷണം പോയിരുന്നു. നിരവധി മോഷണക്കേസില്‍ പ്രതിയാണ് ഗണേശന്‍. മടിക്കേരി എസ്.പി സുമന്‍ ഡി പന്നേക്കര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി. കുണ്ടച്ചിക്കാനത്തെ തങ്കച്ചന്റെയും പരേതയായ കമലയുടെയും മകനാണ് ഗണേശന്‍. ബാഗമണ്ഡലം പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് ചെയ്ത് പോസ്റ്റുമോര്‍ട്ടത്തിനയക്കാനുള്ള നടപടികള്‍ തുടങ്ങി.

Post a Comment

0 Comments